കോയമ്പത്തൂർ: കേരളത്തിൽ വീടുകളും കൃഷി ഭൂമിയും അടക്കം ഒഴിപ്പിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ തമിഴ്നാട്ടിൽ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം സമരത്തിൽ. കോയമ്പത്തൂർ–കരൂർ എക്സ്പ്രസ്‌വേ സ്ഥാപിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ പദ്ധതിക്കെതിരെ ഫെഡറേഷൻ ഓഫ് കോയമ്പത്തൂർ റീജനൽ ഫാർമേഴ്സ് നടത്തിയ സമരം സിപിഎം നേതാവ് പി.ആർ.നടരാജൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്.

പദ്ധതിക്കായി 3,000 ഏക്കർ കൃഷിഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ പാത ആവശ്യമുള്ള ഭാഗങ്ങളിൽ മേൽപാലങ്ങൾ നിർമിച്ചു വീതികൂട്ടിയാൽ മതിയെന്നും എംപി പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും സി പി ഐ എമ്മിന് രണ്ട് നിലപാടാണെന്നും സമരം പ്രഹസനമാണെന്നും ഡിഎംകെ ആരോപിച്ചു. അതിനിടെ, തമിഴ്നാട്ടിൽ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ഡിഎംകെ സർക്കാർ നിയമസഭയിൽ അറിയിച്ചു.