spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeNEWSമുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

- Advertisement -

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.55 ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’യിൽ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 5.30ന് ത‍ൃശൂരിലെ കുടുംബവീട്ടിൽ. ഉച്ചയ്ക്കു രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. 2.30 മുതൽ 3.30 വരെ പാലക്കാട് ഡിസിസി ഓഫിസിൽ പൊതുദർശനം.

- Advertisement -

മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. ഉച്ചവരെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം ഛർദിച്ചതോടെ സ്ഥിതി വഷളായി. തുടർന്ന് ഡോക്ടർ എത്തി ചികിത്സ നൽകി. വൈകിട്ടോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

- Advertisement -

കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനായ ഇദ്ദേഹം കോൺഗ്രസിലെ മികച്ച പ്രാസംഗികരിലൊരാളായിരുന്നു. നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്.

- Advertisement -

കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15–നാണ് ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിൽ പടിപടിയായി ഉയർന്നു. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദ്ദേഹം 1964–ൽ പാലക്കാട് ഡിസിസി പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണൻ അക്ഷീണം യത്നിച്ചു.

1968ൽ 36–ാം വയസ്സിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പംസംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായി. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന (1971– 76) ശങ്കരനാരായണൻ അറസ്റ്റിലായി. പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അന്ന് കെ.കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്കാരചടങ്ങിന് ജയിലിൽ നിന്നാണ് ശങ്കരനാരായണൻ പോയത്.

1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിച്ചു. 1977–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് വിജയിച്ചു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പു മന്ത്രിയായി. 16ദിവസം മാത്രമേ സ്ഥാനത്ത് തുടർന്നുള്ളു (11.4.77 മുതൽ 27.4.77 വരെ) രാജൻകേസിനെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചു. തുടർന്ന് എ.കെ. ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി (27.4.77 മുതൽ 29.10.78 വരെ). 2001–ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് എ.കെ. ആന്റണി മന്ത്രിസഭയിൽ ധനകാര്യം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു.

2007ൽ നാഗലാൻഡ് ഗവർണറായി നിയമിതനായി. 2009ൽ ജാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014–ൽ മിസോറമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ: അനുപമ. മരുമകൻ: അജിത് ഭാസ്കർ (ബിസിനസ്, കൊച്ചി). പേരക്കുട്ടികൾ: താര അജിത്, പാർവതി അജിത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -