spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ മാർച്ചിന് എത്തിച്ചെന്ന് പരാതി

ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ മാർച്ചിന് എത്തിച്ചെന്ന് പരാതി

- Advertisement -

പത്തിരിപ്പാല: രക്ഷിതാക്കൾ അറിയാതെ വിദ്യാർഥികളെ പാലക്കാട് വച്ച് നടന്ന എസ്എഫ്ഐയുടെ മാർച്ചിന് കൊണ്ടുപോയതായി പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിൽ ആണു സംഭവം. ചൊവ്വാഴ്ച രാവിലെ സമീപത്തെ ഗവ. കോളജിൽനിന്ന് എസ്എഫ്ഐ പ്രവർത്തകരെത്തി കുട്ടികളെ ബസിൽ കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. ചൊവ്വാഴ്ച പാലക്കാട് നടന്ന എസ്എഫ്ഐയുടെ അവകാശ സംരക്ഷണ മാർച്ചിൽ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കൊണ്ടുപോയത്. ബിരിയാണി വാങ്ങിത്തരാമെന്നു പറഞ്ഞാണു തങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്നും എന്നാൽ ഒന്നും തന്നെ നൽകിയില്ലെന്നും വിദ്യാർഥികളിൽ ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ഇല്ലാത്ത ബിരിയാണിക്കഥയുണ്ടാക്കി അരാഷ്ട്രീയത പരത്താനാണു ശ്രമമെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

- Advertisement -

കുട്ടികൾ ക്ലാസിൽ വന്നിട്ടില്ലെന്ന അധ്യാപികയുടെ സന്ദേശം കാണുമ്പോഴാണു രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയത്. തുടർന്ന് കുട്ടികളുടെ സഹപാഠികളിൽനിന്നാണ് കുട്ടികൾ പോയ വിവരം രക്ഷിതാക്കൾ അറിയുന്നത്. വൈകുന്നേരം മൂന്നേമുക്കാലോടെ സംസ്ഥാനപാതയിൽ പത്തിരിപ്പാലയ്ക്കു സമീപത്തെ ഒരു ഹോട്ടലിനു മുന്നിൽ കുട്ടികളെ ഇറക്കി വിട്ടുവെന്നും രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. എന്നാൽ കുട്ടികൾക്കു വെള്ളം വാങ്ങിക്കൊടുക്കാനാണു ഹോട്ടലിനു മുന്നിൽ നിർത്തിയതെന്ന് എസ്എഫ്ഐ കോളജ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.

- Advertisement -

സംഭവവുമായി ബന്ധപ്പെട്ട് മങ്കര ആലിം കുട്ടത്തിൽ ഉസ്മാൻ എന്ന രക്ഷിതാവ് ചൊവാഴ്ച വൈകിട്ട് തന്നെ മങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി വിദ്യാലയത്തിലെത്തി. പരാതി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ തയാറാകാത്തതു പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് മങ്കര സിഐ കെ. ഹരീഷിന്റെ അധ്യക്ഷതയിൽ പിടിഎ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്‌കൂൾ അധികൃതർ, എസ്എഫ്ഐ പ്രവർത്തകർ എന്നിവരുടെ യോഗം നടന്നു. രക്ഷിതാക്കളുടെ പരാതി സ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിർബന്ധിച്ച് ഒരു വിദ്യാർഥിയെയും കൊണ്ടുപോയിട്ടില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അക്ബർ അലി, ശങ്കരൻ കുട്ടി, അബ്ദുൽ മനാഫ് എന്നീ രക്ഷിതാക്കളാണ് പ്രധാനാധ്യാപിക എ. അനിതയ്ക്ക് പരാതി നൽകിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -