ദമ്പതികളുടെ പേരിലുള്ള ബാങ്ക് ജോയിന്റ് അക്കൗണ്ടിൽനിന്നു കാമുകിയുടെ അക്കൗണ്ടിലേക്ക് ഒന്നേകാൽ കോടി രൂപ ഭാര്യ അറിയാതെ മാറ്റിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് (52), കാമുകി പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക (30) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ പ്രിയങ്കയുടെ അക്കൗണ്ടിലേക്കാണു പണം മാറ്റിയത്.ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിജുവിന്റെ തൃശൂർ സ്വദേശിനിയായ ഭാര്യ യുഎസിൽ നഴ്‌സാണ്. 2 ആശുപത്രികളിൽ ജോലി ചെയ്യുന്ന അവരുടെ ഒരു ആശുപത്രിയിൽ നിന്നുള്ള വരുമാനമാണ് നാട്ടിലുള്ള അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്. ഒന്നേകാൽ കോടി രൂപ മാറ്റിയതിൽ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പൊലീസിന്റെ നിർദേശപ്രകാരം മരവിപ്പിച്ചു. പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഭർത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. സിജു ഇടയ്ക്കിടെ യുഎസിൽ നിന്നു നാട്ടിലെത്തി മടങ്ങിയിരുന്നു. ഒടുവിൽ നാട്ടിൽനിന്നു മടങ്ങിയെത്താൻ വൈകിയതിൽ ഭാര്യയ്ക്കു സംശയം തോന്നി. ബാഗ് പരിശോധിച്ചപ്പോൾ ലഭിച്ച ചില രേഖകളിൽ നിന്നാണ് പണം അക്കൗണ്ടിൽനിന്നു മാറ്റിയത് അറിഞ്ഞത്.