ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ സഹോദരിമാരുടെ വിവാഹ വേദിയിലുണ്ടായ വൈദ്യുത തടസം കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.ഇരുട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെ വധുക്കള്‍ക്ക് പരസ്പരം വരന്മാരെ മാറി. വധു മാറിയതറിഞ്ഞ് വരന്മാരും വീട്ടുകാരും എത്തിയതോടെ ബഹളമായി. ഒടുവില്‍ ഇരുകുടുംബങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. കുടുംബാംഗങ്ങള്‍ക്ക് പൂജാരിയെ വിളിച്ച് പൂജയ്ക്കുള്ള ചടങ്ങുകള്‍ നടത്തി വീണ്ടും പ്രദക്ഷിണം വെക്കേണ്ടി വന്നു.
ഇന്‍ഗോറിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്‌ലാന ഗ്രാമത്തില്‍ താമസിക്കുന്ന രമേഷ്‌ലാല്‍ റെലോട്ടിന്റെ മൂന്ന് പെണ്‍മക്കളുടെയും ഒരു മകന്റെയും വിവാഹമായിരുന്നു ഞായറാഴ്ച നടന്നത്. മൂത്ത മകള്‍ കോമളിന്റെ വിവാഹം ഖീരഖേഡി ഗ്രാമത്തിലെ രാഹുലുമായിട്ടായിരുന്നു. രണ്ടാമത്തെ മകള്‍ നികിതയുടെ വരന്‍ ഡാങ്‌വാര ഗ്രാമത്തിലെ ഭോലയും മറ്റൊരു മകള്‍ കരിഷ്മയുടെ വരന്‍ ദംഗ്‌വാരയിലെ ഗണേഷുമായിരുന്നു. ഞായറാഴ്ച രാത്രി ദാംഗ്വാരയില്‍ നിന്നും ഖീരഖേഡിയില്‍ നിന്നും വിവാഹ സംഘങ്ങള്‍ വന്നു. ഇതിനിടയില്‍ രാത്രി എട്ട് മണിയോടെ വൈദ്യുതി മുടങ്ങി.
തറവാട്ടിലെ ആചാരപ്രകാരം വധൂവരന്മാര്‍ എല്ലാവരും പൂജ നടത്തണം. രാത്രി 11.30ന് വധൂവരന്മാര്‍ രമേഷ്‌ലാല്‍ റെലോടിന്റെ വീട്ടിലെ ഒരു മുറിയില്‍ പൂജയ്ക്കായി പോയി. പൂജാരിമാര്‍ പൂജ നടത്തുന്നതിനിടെ മൂത്ത മകള്‍ കോമള്‍ തന്റെ വരന്‍ രാഹുലിന്റെ അരികില്‍ ഇരുന്നു. എന്നാല്‍ ഇരുട്ടായതിനാല്‍ നികിത വരന്‍ ഭോലയ്‌ക്കൊപ്പം ഇരിക്കാതെ ഗണേശനൊപ്പം ഇരുന്നു. അതേ സമയം കരിഷ്മ ഭോലയുടെ അടുത്ത് ഇരുന്നു. 20 മിനിറ്റ് പൂജ കഴിഞ്ഞ് വരനും വധുവും പുറത്തിറങ്ങിയപ്പോഴാണ് ബന്ധുക്കള്‍ ഇക്കാര്യം അറിഞ്ഞത്. ഇതോടെ ചെറിയ തര്‍ക്കം ഉടലെടുത്തുവെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടതായി ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.