പഴയങ്ങാടി: കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ. വിജിലൻസ് പിടിയിലായി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇൻസ്പെക്ടർ കുളപ്പറം സ്വദേശി പി.രമേശനെ(48)യാണ് പാസ്പോർട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.

മാടായി സ്വദേശി മഞ്ഞേരവളപ്പിൽ ശരത്കുമാർ പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചിരുന്നു. പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി ആവശ്യപ്പെട്ട കാര്യം ശരത്കുമാർ വിജിലൻസിനെ അറിയിച്ചു . ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്തു വെച്ച് പണം കൈമാറുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശനിയാഴ്ച എ.എസ്.ഐ.യെ അറസ്റ്റ് െചയ്തു. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടറായ ഷാജി പട്ടേരി, സുനിൽകുമാർ, സബ് ഇൻസ്പെക്ടറായ പങ്കജാക്ഷൻ, അസി. സബ് ഇൻസ്പെക്ടറായ നിജേഷ്, ഉദ്യോഗസ്ഥരായ ഷാനിൽ, സുരേഷ്കുമാർ, ഷൈജു, ജയശ്രീ എന്നിവരും ഉണ്ടായിരുന്നു.