തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശൻ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി പൊലീസിനെ വിരട്ടുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.(Attempt for planned clash in the assembly, even ministers chanted slogans: VD Satheesan)
മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി. സെൻസർ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദധയിൽപ്പെടുത്തും. മോദി ശൈലി കേരളത്തിൽ പറ്റില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.