തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയാകും.

നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്നാണ് സൂചന. നീക്കത്തിനു പിന്നിൽ സർക്കാരിലെ ചില ഉന്നതരുടെ കരങ്ങളുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കേസ് ദുർബലപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണോ ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു