നെടുമങ്ങാട്: ആനാട് നെട്ടറക്കോണം പന്തടിവിള അനീഷ് ഭവൻ എന്ന കൊച്ചു കുടംബത്തിലേക്ക് ഇരമ്പിയെത്തിയത് സമാനതകളില്ലാത്ത ദുരന്തം. വിദേശത്ത് ജോലിക്കായി ഈ കുടുംബത്തിലെ ഷൈനിയെ യാത്രയക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കുടുംബത്തിന്റെ യാത്രയ്ക്കിടെയിലെ അപകടത്തിൽ മരിച്ചത് ഷൈനിയുടെ ഭർത്താവും മകനും സഹോദരനും ഭർത്താവിന്റെ അടുത്ത ബന്ധുവും അടക്കം നാലുപേർ. ഗുരുതരമായി പരുക്കേറ്റ ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

സുധീഷ് ലാൽ, ഭാര്യ ഷൈനി, ഏക മകൻ നിരഞ്ജൻ(ആമ്പാടി, 12), ഷൈനിയുടെ സഹോദരൻ ഷൈജു(34 , സുധീഷിന്റെ പിതൃസഹോദരൻ പരുത്തിക്കുഴി കുന്നിൽ വീട്ടിൽ അഭിരാഗ്(28),) എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഷൈനി മാത്രമാണ് ബാക്കിയായത്. ഷൈനി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഷൈനിയെ ഇന്നലെ ഉച്ചകഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റിയെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ആനാട് നെട്ടറക്കോണം പന്തടിവിള അനീഷ് ഭവനിൽ പരേതരായ ശിവൻ– രമ ദമ്പതികളുടെ മകനാണ് സുധീഷ് ലാൽ. പരുത്തിക്കുഴി കുന്നിൽ വീട്ടിൽ ജയകുമാർ, സതികുമാരി ദമ്പതികളുടെ മകനാണ് അഭിരാഗ്. സഹോദരൻ: അനുരാഗ്. പരേതനായ ശശി, സരസ്വതി അമ്മ ദമ്പതികളുടെ മകനാണ് ഷൈജു. നാലു പേരുടെയും മൃതദേഹങ്ങൾ രാത്രി പരുത്തികുഴി ഗവ എൽപിഎസിൽ പൊതു ദർശനത്തിന് വച്ചു .പിന്നീട് അഭിരാഗിന്റെയും, ഷൈജുവിന്റെയും മൃതദേഹങ്ങൾ പരുത്തികുഴിയിലെ വീട്ടു വളപ്പിലും. സുധീഷ് ലാലിന്റെയും മകൻ നിരഞ്ജന്റെയും മൃതദേഹങ്ങൾ ആനാട്ട് നെട്ടറക്കോണത്തെ വീട്ടിലും രാത്രി സംസ്കരിച്ചു.
ഷൈനി യാത്രയ്ക്കൊരുങ്ങിയത് കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ
ആനാട് ബാങ്ക് ജംക്‌ഷനിൽ ആറു മാസത്തോളമായി പവർ ടൂൾസിന്റെ കട നടത്തുന്ന സുധീഷ് ലാൽ പെയിന്റിങ് തൊഴിലാളി കൂടിയാണ്. കുടുംബത്തിനു കടബാധ്യത ഉണ്ടായിരുന്നതു കൊണ്ടാണ് ഷൈനി ജോലിക്ക് ഗൾഫിലേക്ക് പോകാൻ തയാറായത്. ഷൈനിയുടെ മാതൃസഹോദരിയുലെ ഗൾഫിലുള്ള മകളാണ് വിസ അയച്ച് കൊടുത്തത്. ഒരുമണിയോടെയാണ് കുടുംബാംഗങ്ങൾ സ്വന്തം കാറിൽ യാത്ര പുറപ്പെട്ടത്. പുലർച്ചെയുണ്ടായ അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ പഞ്ചായത്തംഗം നെട്ടറക്കോണം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാരും പത്തുമണിയോടെ ആലപ്പുഴയിൽ എത്തി. വർഷങ്ങൾക്ക് മുൻപ് സുധീഷ് ലാൽ പരുത്തിക്കുഴിയിലെ ബന്ധുവീട്ടിൽ താമസിക്കുന്നതിനിടെ അടുത്തവീട്ടിലെ ഷൈനിയുമായി പ്രണയത്തിലാകുകയായിരുന്നു.