നിലമ്പൂര്‍: ഒറ്റമൂലി വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഷൈബിന്‍ അഷ്റഫിന് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമെന്ന് സൂചന. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷൈബിന്‍ അഷ്റഫിന്റെ സമ്പത്ത് പത്ത് വര്‍ഷത്തിനിടെയാണ് കുതിച്ചുയര്‍ന്നത്. ഏകദേശം 300 കോടിയോളം രൂപ ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നിലമ്പൂരില്‍ ഷൈബിന്‍ അഷ്‌റഫ് വീട് വാങ്ങിയിരുന്നു. ഇതിലേക്കായി രണ്ട് കോടി രൂപ ഷൈബിന്‍ അഷ്‌റഫ് ചെലവിട്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈബിന് നിരവധി ആഢംബര വാഹനങ്ങളുമുണ്ട്. ഷൈബിന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
മൂലക്കുരു ഭേദമാക്കുന്ന ഒറ്റമൂലിയുടെ ചേരുവകള്‍ അറിയാനായി മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബ ഷെരീഫിനെയാണ് ഷൈബിന്‍ അഷ്‌റഫ് കൊലപ്പെടുത്തിയത്. 2019ലാണ് ഷാബാ ഷെരീഫിനെ ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷത്തോളം രഹസ്യ സങ്കേതത്തില്‍ തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിലാണ് വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയത്.