spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSഇന്ന്‌ വയോജനദിനം, പ്രായം പാട്ടിന്‌ പോട്ടെ

ഇന്ന്‌ വയോജനദിനം, പ്രായം പാട്ടിന്‌ പോട്ടെ

- Advertisement -

കോഴിക്കോട്‌: വെയിൽ ചൂടായി തുടങ്ങുന്നതേ ഉണ്ടാവൂ. സൗത്ത്‌ ബീച്ചിലെ റോഡിലൂടെ ഒരാൾ പതിയെ നടന്നുനീങ്ങുന്നത്‌ കാണാം. ഗുജറാത്തി ദോത്തിയും ജുബ്ബയുമാണ്‌ വേഷം. വൈകിട്ട്‌ അസ്‌തമയസൂര്യന്റെ മാഞ്ഞുതുടങ്ങുന്ന വെളിച്ചത്തിലും ആ പാതയിൽ അയാളുണ്ടാവും. പരിചയക്കാരെ കണ്ടാൽ പല്ലുകൾ അടർന്ന മോണ മുഴുവൻ കാണിച്ചുള്ള ചിരിയുമായി വിശേഷങ്ങൾ പറയും–- വയസ്സായെന്ന്‌ വിലപിക്കുന്നവരും വയസ്സാകുമെന്ന്‌ ഭയക്കുന്നവരും മോഹൻലാൽ മുൾജി മജീഠിയ എന്ന മനുഷ്യനെ പിന്തുടരണം.

- Advertisement -

മനസ്സിനും ശരീരത്തിനും 92 വയസ്സിന്റെ ചെറുപ്പമുള്ള മുൾജി ആരോഗ്യത്തോടെ വാർധക്യമെന്ന ആപ്തവാക്യത്തിന്റെ സൂക്ഷിപ്പുകാരനാണ്‌. കോഴിക്കോട്‌ ഗുജറാത്തി തെരുവിലെ മോഹൻലാൽ മുൾജി പ്രായത്തോട്‌ പാട്ടിന്‌ പോകാൻ പറയുന്നത്‌ പല ശീലങ്ങളോടെയാണ്‌. അഗർബത്തി കച്ചവടക്കാരനായ മുൾജിക്ക്‌ പുലർകാലം മുതൽ ഉറങ്ങുവോളം കടുകിട തെറ്റാത്ത ദിനചര്യകളുണ്ട്‌. രാവിലെയും വൈകിട്ടും ഒരു കിലോമീറ്റർ നടത്തം. രാവിലെ ചായയും ഇഡ്ഡലിയും ഉച്ചയ്‌ക്ക്‌ ചോറും ചപ്പാത്തിയും പരിപ്പും വൈകിട്ട്‌ ഇത്തിരി കിച്ചടി. സസ്യേതര ഭക്ഷണമില്ല. പകൽ കുറച്ചുനേരം മകനൊപ്പം കടയിൽ, പത്രവായന ഇങ്ങനെ നീളുന്നു മാറ്റമില്ലാത്ത ശീലങ്ങൾ.
വിട്ടുവീഴ്‌ചയില്ലാത്തതാണ്‌ ഭക്ഷണക്രമവും ഉറക്കവും വിശ്രമവും. അഗർബത്തിയുടെ പണം നഗരത്തിലുടനീളം നടന്നുപോയാണ്‌ അടുത്ത കാലംവരേയും ശേഖരിച്ചിരുന്നത്‌. ചെറിയ കേൾവിക്കുറവല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.

- Advertisement -

76 വർഷം മുമ്പ്‌ ഗുജറാത്ത്‌ ജാംനഗറിൽ നിന്ന്‌ 15 രൂപയുമായി ജോലി തേടി കോഴിക്കോട്ട്‌ എത്തിയതായിരുന്നു. കൊപ്ര ബസാറിൽ 60 രൂപ ശമ്പളത്തിൽ ജോലിക്ക്‌ കയറി. പിന്നീട്‌ ചെറിയ കച്ചവടങ്ങൾ. 1971ലാണ്‌ മോഹൻലാൽ മുൾജി മജീഠിയ എന്ന പേരിൽ ഗുജറാത്തി തെരുവിൽ അഗർബത്തി കച്ചവടം ആരംഭിച്ചത്‌.
‘‘എപ്പോഴും സന്തോഷത്തോടെയും ഊർജത്തോടെയും കഴിയുക എന്നതാണ്‌ പ്രധാനം. നാടിനോടും നാട്ടുകാരോടും ഇഷ്‌ടമാണ്‌. തിരികെയും ആ സ്‌നേഹമുണ്ട്‌. അതിനാലാണ്‌ സ്വദേശത്തേക്ക്‌ മടങ്ങാത്തത്‌’’–-മുൾജി പറയുന്നു. മകൻ ദിനേശ്‌ കുമാറിനും കുടുംബത്തിനുമൊപ്പമാണ്‌ താമസം. രണ്ട്‌ പെൺമക്കളുമുണ്ട്‌. ഭാര്യ അഞ്ചുവർഷം മുമ്പ്‌ മരിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -