spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeEDITOR'S CHOICEറഷ്യയുടെ ഉറക്കം കെടുത്തുന്ന ഈ നഗരം പിടിച്ചടക്കിയേ തീരൂ... പുടിൻ വാശി പിടിക്കുന്നത് എന്തുകൊണ്ട്?

റഷ്യയുടെ ഉറക്കം കെടുത്തുന്ന ഈ നഗരം പിടിച്ചടക്കിയേ തീരൂ… പുടിൻ വാശി പിടിക്കുന്നത് എന്തുകൊണ്ട്?

- Advertisement -

മരിയുപോൾ– റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും തീവ്രമായ വേദികളിലൊന്നായി ഈ തുറമുഖ നഗരം മാറിക്കഴിഞ്ഞു. എല്ലാ ശക്തിയോടെയും ഈ നഗരത്തിൽ ആക്രമണം നടത്തുകയാണ് റഷ്യ. തങ്ങളൊരുക്കിയ പ്രതിരോധ കോട്ടകളെല്ലാം റഷ്യയുടെ ആക്രമണത്തിനു മുന്നിൽ വീണതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പോലും സമ്മതിച്ചുകഴിഞ്ഞു.

- Advertisement -

എന്നാൽ കീഴടങ്ങാനുള്ള നിർദേശം അവഗണിച്ചും ഈ നഗരത്തിൽ കനത്ത പോരാട്ടം നടക്കുകയാണ്. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായിട്ടുപോലും ഒരു ലക്ഷത്തിലധികം ആളുകൾ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നഗരത്തിലെ യുക്രെയ്ന്റെ ശക്തികേന്ദ്രങ്ങളായ അസോവ്സ്റ്റാൽ ഖനിമേഖലയ്ക്കു സമീപം വൻ പോരാട്ടം നടക്കുകയാണ്.
എന്തുകൊണ്ടാണ് മരിയുപോ‍ൾ റഷ്യയ്ക്ക് നിർണായകമാകുന്നത്? എന്തുകൊണ്ടാണു മരിയുപോൾ പിടിച്ചടക്കിയേ തീരൂ എന്ന തീരുമാനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉറച്ചുനിൽക്കുന്നത്.

- Advertisement -

യുദ്ധത്തിൽ ഖെർസൺ നഗരം ഭാഗികമായി പിടിച്ച ശേഷം പ്രബലമായ ഒരു നഗരം പൂർണ അർഥത്തിൽ തങ്ങൾക്കു കീഴ്പ്പെടുക എന്നത് റഷ്യയ്ക്ക് വളരെയേറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ഇതിനപ്പുറം കാരണങ്ങളുണ്ട് മരിയുപോളിനെ റഷ്യ ലക്ഷ്യമിടാൻ. യുക്രെയ്നിലെ വിമതമേഖലയായ ഡോൺബാസിലുള്ള ഡോണെസ്ക്, ലുഹാൻസ്ക് എന്നീ സ്വയം പ്രഖ്യാപിത റഷ്യൻ അനുകൂല റിപ്പബ്ലിക്കുകൾക്ക് ഉപയോഗിക്കാവുന്ന ഒരേയൊരു പ്രധാന തുറമുഖ നഗരമാണ് മരിയുപോൾ. റഷ്യ 2014 ൽ ക്രൈമിയ പിടിച്ചടക്കിതിനു ശേഷം റഷ്യൻ വിമതർ മരിയുപോൾ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ന്റെ വലിയ വിജയമായിട്ടാണ് ഇതു വ്യാഖ്യാനിക്കപ്പെട്ടത്. ഈ പെരുമ തകർക്കുക എന്ന ഉദ്ദേശ്യം റഷ്യയ്ക്കുണ്ട്.

- Advertisement -

അന്ന് മരിയുപോൾ പിടിക്കുന്നതിൽ നിർണായകമായത് നവ‌നാത്‌സി ആഭിമുഖ്യമുള്ള യുക്രെയ്നിയൻ സംഘടനായ ആസോവ് ബറ്റാലിയനാണ്. റഷ്യൻ വിമതരുമായി തീവ്രമായി പോരാടിയ ഇവർ പിൽക്കാലത്ത് തങ്ങളുടെ ആസ്ഥാനവും താവളവുമായി തിരഞ്ഞെടുത്തത് മരിയുപോളിനെയാണ്. ആസോവ് ബറ്റാലിയനോടുള്ള പുട്ടിന്റെ എതിർപ്പ് വളരെ പ്രശസ്തമാണ്. ഇപ്പോഴത്തെ യുക്രെയ്ൻ യുദ്ധം തുടങ്ങിയതു തന്നെ യുക്രെയ്നെ നാത്‌സി ബാധയിൽനിന്നു രക്ഷിക്കാനാണെന്ന് പുട്ടിൻ പറഞ്ഞത് (ഇതിൽ വലിയ ആത്മാർഥത ഇല്ലായിരുന്നെന്നും പാശ്ചാത്യ നിരീക്ഷകർ പറയുന്നു) ആസോവ് ബറ്റാലിയനെ ഉദ്ദേശിച്ചാണെന്നത് വളരെ വ്യക്തം. ആസോവ് ബറ്റാലിയന്റെ കോട്ടയായ മരിയുപോൾ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നത് റഷ്യയ്ക്ക് വളരെ വലിയ ഊർജം നൽകുക തന്നെ ചെയ്യും.

ഭാവിയിൽ ക്രൈമിയയെയും ഡോൺബാസിനെയും കരമാർഗം ബന്ധിപ്പിക്കുക എന്നത് റഷ്യയുടെ സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതി നടപ്പാക്കാൻ മരിയുപോൾ കൈയിലില്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെയാണ് ഈ നഗരത്തിൽ ഇത്രയും തീവ്രമായ യുദ്ധം നടത്തുന്നത്. മരിയുപോൾ കൈയിലെത്തിയാൽ യുക്രെയ്ന്റെ കരിങ്കടൽ തീരത്തിന്റെ 80 ശതമാനം നിയന്ത്രണവും റഷ്യയ്ക്കാകും. ഇതു യുക്രെയ്ന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ ഇരുമ്പുരുക്ക്, ചോളം, കൽക്കരി കയറ്റുമതി ബിസിനസ്, കടൽവഴിയുള്ള വ്യാപാരം എന്നിവയെ സാരമായി ബാധിക്കുകയും യുക്രെയ്നെ ലോകഭൂപടത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യും. യുദ്ധം കാരണം അടിസ്ഥാന ഘടന തന്നെ നശിച്ച ഒരു രാജ്യത്തെ സമ്പൂർണമായി ചങ്ങലപ്പൂട്ടിലാക്കാനും അതുവഴി സാധിക്കും.

മരിയുപോൾ ഒരിക്കൽ തങ്ങളുടെ അനുകൂലികളുടെ കൈവശം വരികയും അതു പിന്നീടു നഷ്ടമാകുകയും ചെയ്തതിനാൽ നഗരത്തിന് റഷ്യക്കാർക്കിടയിൽ ഒരു വൈകാരിക സ്ഥാനമുണ്ട്. നഗരം തിരിച്ചുപിടിച്ചാൽ റഷ്യയിൽ പുട്ടിന്റെ ജനപ്രീതി കുതിച്ചുകയറുമെന്നും കണക്കുകൂട്ടപ്പെടുന്നു. ഇതും പുട്ടിനെ ആകർഷിക്കുന്ന വലിയൊരു ഘടകമാണ്.
തങ്ങളുടെ അന്ത്യശാസനങ്ങൾ അനുസരിക്കാതെ നിൽക്കുന്ന നഗരങ്ങളെ തലങ്ങും വിലങ്ങും ആക്രമിച്ചു തകർക്കുന്ന രീതി റഷ്യയ്ക്കുണ്ടെന്ന് യുദ്ധനിരീക്ഷകർ പറയുന്നു. ഇതു മറ്റ് യുക്രെയ്നിയൻ നഗരങ്ങൾക്കൊരു താക്കീതുപോലെയാകും; ഇനിയുമെതിർത്താൽ മരിയുപോളിന്റെ ഗതിവരുമെന്ന താക്കീത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -