യുക്രെയിനിലെ യുദ്ധതന്ത്രങ്ങൾ പാളിയതോടെ ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഓരോന്നായി പദവിയിൽ നിന്ന് നീക്കം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ആണെന്ന് യുക്രെയിൻ പ്രസിഡണ്ടിന്റെ ഒരു മുതിർന്ന ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വലേരി ജെറാസിമോവിനെ കഴിഞ്ഞയാഴ്ച്ച സസ്പെൻഡ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിനിൽ കാണിച്ച മണ്ടത്തരത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടാനുള്ള ശ്രമമാണ് പുടിന്റെതെന്നാണ് പാശ്ചാത്യ നിരീക്ഷകർ പറയുന്നത്.
ഖാർകീവിൽ പരാജയം രുചിച്ചതോടെ ഫസ്റ്റ് ടാങ്ക് ആർമിയുടെ വെസ്റ്റേൺ മിലിറ്ററി ഡിസ്ട്രിക്ട് ലെഫ്റ്റനന്റ് ജനറൽ സെർജി കിസെലിനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. സെർജി കിസൽ നയിച്ച സൈന്യം ഖാർകീവിൽ ദയനീയമായി
പരാജയമടയുകയായിരുന്നു. യുദ്ധമുഖത്തെ ദയനീയ പരാജയത്തെ തുടർന്ന് മറ്റു രണ്ട് ആർമി കമാൻഡർമാരെ കൂടി സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കരിങ്കടൽ വ്യൂഹത്തിന്റെ തലവനായ കമാൻഡറെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിന്റെ സഹായിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മെയ് 9 ന് നടന്ന വിക്ടറി ദിന പരേഡിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് പങ്കെടുത്തിരുന്നില്ല എന്നത് അദ്ദേഹം അറസ്റ്റിലാണെന്ന വാർത്ത ഏറെക്കുറെ ശരിവയ്ക്കുന്നതാണ്. എന്നിരുന്നാലും ഇത് പ്രാഥമിക വിവരം മാത്രമാണെന്നും യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് പറയുന്നു. ഒരിക്കൽ ലോകത്തിലെ ഏറ്റവും മുകച്ച രണ്ടാമത്തെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റഷ്യൻ സൈന്യം കഴിഞ്ഞ രണ്ടു മാസമായി യുക്രെയിനെ പോലെ താരതമ്യേന ദുർബലമായ ഒരു രാജ്യത്തിൽ നിന്നും തുടർച്ചയായി പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
10,000 ൽ ഏറെ സൈനികരെ ഇതിനോടകം റഷ്യക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നൂറുകണക്കിനു ടാങ്കുകളും മറ്റ് സായുധ വാഹനങ്ങളും നഷ്ടപ്പെട്ടു. കരിങ്കടലിൽ റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ കത്തിയമർന്നു. ഇതോടെ ഒരു വൻ ശക്തി എന്ന് ലോകത്തിനു മുൻപിൽ റഷ്യയ്ക്കുണ്ടായിരുന്ന പ്രതിച്ഛായ ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഡോൺബാസ് മേഖലയിൽ നദിക്ക് കുറുകെ കടക്കാൻ ശ്രമിച്ച റഷ്യൻ സൈനികരെ യുക്രെയിൻ സൈനികർ വധിച്ചതായി വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.
അതേസമയം, നാറ്റോയിൽ ചേരാനുള്ള ഫിൻലാൻഡിന്റെ തീരുമാനത്തിനുള്ള പ്രതികരണമായി ഫിൻലാൻഡിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ തടഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഒരുപക്ഷെ ഇന്നു മുതൽ തന്നെ വാതക വിതരണം സ്തംഭിപ്പിച്ചേക്കാം എന്ന് ചില ഫിൻലാൻഡ് എം പിമാർ പറയുന്നു. ഇന്നലെ രാവിലെയാണ് ഒരു സംയുക്ത പ്രസ്താവനയിൽ ഫിന്നിഷ് പ്രസിഡണ്ടും പ്രധാനമന്ത്രിയും എത്രയും വേഗം നാറ്റോ സഖ്യത്തിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വീഡനും ഉടൻ തന്നെ അതിനു തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാറ്റോയിൽ ചേരാൻ തീരുമാനിച്ചാൽ ഫിൻലാൻഡിന് രാഷ്ട്രീയവും സൈനികവുമായ നടപടികൾ നേരിടേണ്ടി വരുമെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 23 ന് ഫിൻലാൻഡിൽ നിന്നുള്ള ഗ്യാസ് ബിൽ തുക ലഭിച്ചുകഴിയുമ്പോൾ ഗ്യാസ് വിതരണം തടയും എന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഉടനടി ഉണ്ടാകുമെന്ന സാഹചര്യമാണ് ഉള്ളത്.
അതേസമയം, അമേരിക്ക യൂറോപ്പിൽ ഒരു ഇരുമ്പുമറ സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്ന് റഷ്യൻ സർക്കാർ ഉടമയിലുള്ള ടെലിവിഷൻ ചാനൽ ആരോപിച്ചു. അതേസമയം, നാറ്റോയുടെ പുതിയ അംഗങ്ങളെ സ്വീകരിക്കാനുള്ള നയത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി നിലവിൽ യൂറോപ്പിൽ ഉള്ള ഒരേയൊരു അശാന്തി റഷ്യയുടെ യുക്രെയിൻ അധിനിവേശം മാത്രമാണെന്ന് ചൂണ്ടിക്കാണിച്ചു.