കീവ് : യുക്രെയ്നിനെ രണ്ടായി വിഭജിച്ച് കിഴക്കൻ മേഖലയെ നിയന്ത്രണത്തിലാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിർലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളിൽ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ യുക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിൾസ് റിപ്പബ്ലിക്കായ ലുഹാൻസ്ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യൻ ഫെഡറേഷനിൽ ചേർന്നത്.
യുക്രെയ്നിന്റെ ഊർജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യൻ മിസൈലുകൾ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉൾപ്പെടെ നൽകി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ പൂർണ യുദ്ധം തുടരുമ്പോഴും യുക്രെയ്ൻ ശക്തമായ ചെറുത്തുനിൽപിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയിൽ നിന്ന് ജനങ്ങൾക്കു രക്ഷപ്പെടാൻ രണ്ട് ഇടനാഴി കൂടി തുറക്കാൻ ഇരുരാജ്യങ്ങളും ധാരണയിലായി. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഇന്നലെ യുക്രെയ്ൻ ട്രെയിനിൽ യൂറോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങൾ അയച്ചു.
ഇതേസമയം, അതീവ ഗുരുതരമായ യുദ്ധക്കുറ്റം ചെയ്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പോളണ്ട് സന്ദർശനത്തിനിടെ പറഞ്ഞത് വിവാദമായി. റഷ്യ ശക്തമായി പ്രതികരിച്ചതോടെ അധികാരമാറ്റമല്ല, ജനാധിപത്യ സംരക്ഷണമാണ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശദീകരിച്ചു. വാഴ്സ നാഷനൽ സ്റ്റേഡിയത്തിലെ അഭയാർഥി ക്യാംപ് സന്ദർശിച്ച ബൈഡൻ 100 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം അഭയാർഥികളെ യുഎസ് സ്വീകരിക്കുമെന്നും പറഞ്ഞു.
യുക്രെയ്ൻ തുറമുഖങ്ങളിൽ റഷ്യ വിതറിയതെന്നു കരുതുന്ന കുഴിബോംബുകൾ മോശം കാലാവസ്ഥയിൽ കരിങ്കടൽ കടന്ന് മറ്റ് തുറമുഖങ്ങളിൽ എത്തുന്നതായി പരാതിയുണ്ട്. ബോസ്ഫോറസ് കടലിടുക്കിൽ ഇത്തരമൊരെണ്ണം കണ്ടെത്തി നിർവീര്യമാക്കിയതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മാസത്തിലേറെ പിന്നിട്ട യുദ്ധം എല്ലാവർക്കും ദുരിതങ്ങളേ സമ്മാനിച്ചിട്ടുള്ളൂവെന്നും ആർക്കും ജയിക്കാനാവാത്ത യുദ്ധമാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ക്രൂരവും ബുദ്ധിശൂന്യവുമായ ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യുദ്ധം നിർത്തിയാലുടൻ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും പിൻവലിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. അടുത്തറൗണ്ട് റഷ്യ–യുക്രെയ്ൻ ചർച്ച ഇന്നുമുതൽ 30 വരെ തുർക്കിയിൽ നടക്കും.