മോസ്കോ:കഴിഞ്ഞയാഴ്ചയാണ് റഷ്യ ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന്‍ ഭരണകൂടം അടച്ചത്. രാജ്യത്ത് ഇന്‍സ്റ്റാഗ്രാം നിരോധിച്ച ഈ അവസ്ഥയെ മുതലെടുക്കാന്‍ ഇറങ്ങുകയാണ് റഷ്യയിലെ ചില ടെക് സംരംഭകര്‍, റോസ്ഗ്രാം എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നു. പേരിലെ സമാനതയ്‌ക്ക് പുറമേ, റോസ്‌ഗ്രാമിന്റെ രൂപകല്‍പ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിന് സമാനമാണിത്.
റോസ്‌ഗ്രാം മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി “ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങള്‍ക്കുള്ള പണമടച്ചുള്ള ആക്‌സസ്സും” പോലുള്ള പ്രത്യേകതകള്‍ റോസ്ഗ്രാമില്‍ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.
റോസ്‌ഗ്രാം ആരംഭിക്കുന്നതിന് മുന്നോടിയായി ഇതിന്‍റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അലക്സാണ്ടര്‍ സോബോവ് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. “എന്‍റെ പാര്‍ട്ണറായ കിറില്‍ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പര്‍മാരുടെ ഗ്രൂപ്പും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു, ഇന്‍സ്റ്റഗ്രാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്, അതിന്‍റെ റഷ്യന്‍ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു, അതാണ് റോസ്ഗ്രാം,” അദ്ദേഹം പറയുന്നു.
ഡിസൈനിലും പ്രവര്‍ത്തനത്തിലും ഇന്‍സ്റ്റഗ്രാം പകര്‍പ്പ് എന്ന് തന്നെയാണ് റോസ്ഗ്രാമിനെ സോബോവ് വെളിപ്പെടുത്തുന്നത്. നിറങ്ങളുടെ സ്കീമും ലേഔട്ടും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമിന് സമാനമാണ്. റോസ്ഗ്രാമിന്റെ രൂപകല്‍പ്പനയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മാതൃകമ്ബനി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് 14 ന് റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സോറാണ് ഇന്‍സ്റ്റാഗ്രാം റഷ്യയില്‍ നിരോധിച്ചത്. “റഷ്യന്‍ ആക്രമണകാരികള്‍ക്ക് മരണം” പോലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഉക്രെയ്നിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം.
വിദ്വേഷ പ്രസംഗ നയത്തിലെ മാറ്റം റഷ്യയുടെ അധിനിവേശത്തിനുശേഷം ഉക്രെയ്‌നിന് മാത്രമേ ബാധകമാകൂ എന്നും മെറ്റ പറഞ്ഞിരുന്നു. സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള കമ്ബനി ഉക്രേനിയക്കാരെ “അക്രമിക്കുന്ന സൈനിക ശക്തികളോട് തങ്ങളുടെ ചെറുത്തുനില്‍പ്പും രോഷവും പ്രകടിപ്പിക്കുന്നതില്‍” തടയില്ലെന്ന് നയം സ്വീകരിച്ചിരുന്നു.