- Advertisement -spot_imgspot_img
Friday, May 20, 2022
ADVERT
HomeINTERNATIONAL'രാജ്യദ്രോഹികളെ കണ്ടെത്താന്‍' പുടിന്‍റെ ഹോട്ട് ലൈന്‍

‘രാജ്യദ്രോഹികളെ കണ്ടെത്താന്‍’ പുടിന്‍റെ ഹോട്ട് ലൈന്‍

മുന്‍ സോവിയേറ്റ് ഏകാധിപതി സ്റ്റാലിന്‍റെ പാതയില്‍ തന്നെയാണ് താനെന്ന് പുടിന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ‘ക്രൂരമായ മഹത്തായ ശുദ്ധീകരണ’ ത്തെ തന്നെയാണ് പുടിനും റഷ്യയില്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഏതിരെ നില്‍ക്കുന്നുവെന്ന് തോന്നിയ എല്ലാവരെയും സ്റ്റാലിന്‍ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തോടെ ലോകത്തിന് മുമ്പില്‍ ഒറ്റപ്പെട്ട് പോയ വ്ളാദിമിര്‍ പുടിന്‍ രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 1930 കളില്‍ സ്റ്റാലിന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെ പുടിനും ആവര്‍ത്തിക്കുന്നു. തന്‍റെ ശത്രുക്കളെ കണ്ടെത്താന്‍ പുടിന്‍ ഫോണ്‍ ചോര്‍ത്തുകയും ഒപ്പം രാജ്യത്തിനും പ്രസിഡന്‍റിനും എതിരെ സംസാരിക്കുന്നവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് സൗകര്യവും ഒരുക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫോണിനോടൊപ്പം ഇന്‍റര്‍നെറ്റും ചോര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1922 ല്‍ യുഎസ്എസ്ആറിന്‍റെ ഭരണാധികാരിയായി അധികാരമേറ്റ ജോസഫ് സ്റ്റാലിന്‍ പാര്‍ട്ടിയിലും ഭരണത്തിലും തനിക്ക് എതിരെ അഭിപ്രായം പറഞ്ഞ എല്ലാവരെയും നിശബ്ദനാക്കിയിരുന്നു. പാര്‍ട്ടിയിലെയും ഭരണത്തിലെയും അവസാനത്തെ വാക്ക് താനാണെന്ന് സ്ഥാപിക്കാനും തന്‍റെ അധികാരം ഊട്ടിയുറപ്പിക്കാനും ഇതുവഴി സ്റ്റാലിന് കഴിഞ്ഞു. ഇതിനായി അതിക്രൂരമായ വഴിയായിരുന്നു സ്റ്റാലിന്‍ ഉപയോഗിച്ചത്. 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ആ ക്രൂരമായ മഹത്തായ ശുദ്ധീകരണ വേളയിൽ 7,50,000 പേരെങ്കിലും വധിക്കപ്പെട്ടതായി ചില  കണക്കുകള്‍ പറയുന്നു. തന്‍റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിക്ക് സ്റ്റാലിന്‍ നല്‍കിയ ഓമനപ്പേരാണ് മഹത്തായ ശുദ്ധീകരണം. 

ഒരു ദശലക്ഷത്തിലധികം ആളുകളെങ്കിലും ഇക്കാലയളവില്‍ റഷ്യയില്‍ നിന്ന് നിർബന്ധിത ലേബർ ക്യാമ്പുകളിലേക്ക് അയക്കപ്പെട്ടു. പിന്നീട് ഗുലാഗ്സ് (Gulags)എന്നാണ് ഇത് അറിയപ്പെട്ടത്. ക്രൂരവും രക്തരൂക്ഷിതമായതുമായ പ്രവർത്തനം കമ്മ്യൂണിസ്റ്റ് റഷ്യയിലെമ്പാടും വർഷങ്ങളോളം വ്യാപകമായ ഭീകരത സൃഷ്ടിക്കുകയും രാജ്യത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. സ്വേച്ഛാധിപതിയെന്ന നിലയിൽ അധികാരം നിലനിർത്താനുള്ള സ്റ്റാലിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്‍റെ മാർഗമായാണ് മറ്റ് ചിലര്‍ ഈ ക്രൂരമായ ശുദ്ധീകരണത്തെ കാണ്ടത്. 

തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിയോജിപ്പുള്ള അംഗങ്ങളെയും മറ്റുള്ളവരെയും ഉന്മൂലനം ചെയ്യുന്നതിനായി സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിൻ മുന്നോട്ട് വച്ച രാഷ്ട്രീയ പ്രചാരണമായിരുന്നു ‘മഹത്തായ ഭീകരത’ എന്ന് പിന്നീട് അറിയപ്പെട്ട മഹത്തായ ശുദ്ധീകരണം (the Great Purge).1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ആ ക്രൂരമായ മഹത്തായ ശുദ്ധീകരണ വേളയിൽ 7,50,000 പേരെങ്കിലും വധിക്കപ്പെട്ടതായി പല കണക്കുകള്‍ പറയുന്നു. മഹത്തായ ശുദ്ധീകരണ സമയത്ത് ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയമായവരെ സൂചിപ്പിക്കാന്‍ സ്റ്റാലിന് ചില പദപ്രയോഗങ്ങള്‍ തന്നെ ഉണ്ടായിരുന്നു.

‘അഞ്ചാം നിര,’ ‘ജനങ്ങളുടെ ശത്രു’, ‘സാബോട്ടർമാർ’ തുടങ്ങിയ പദങ്ങൾ ഇതിനായി സ്റ്റാലിന്‍ ഉപയോഗിച്ചു. ബോൾഷെവിക് പാർട്ടി അംഗങ്ങൾ, രാഷ്ട്രീയ ഉദ്യോഗസ്ഥർ, സൈനിക അംഗങ്ങൾ എന്നിവരിൽ നിന്നാണ് കൊലപാതകവും തടവും ആരംഭിച്ചത്. തുടർന്ന് കർഷകർ, വംശീയ ന്യൂനപക്ഷങ്ങൾ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ, എഴുത്തുകാർ, വിദേശികൾ, സാധാരണ പൗരന്മാർ എന്നിവരിലേക്ക് സ്റ്റാലിന്‍റെ ശുദ്ധീകരണം വ്യാപിച്ചു. അടിസ്ഥാനപരമായി, റഷ്യയിലെ സാധാരണക്കാര്‍ മുതല്‍ ഏറ്റവും മുകള്‍ തട്ടിലുള്ളവരും അടക്കം ആരും സ്റ്റാലിന്‍റെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെട്ടില്ല.

ഈ അവസ്ഥയിലൂടെയാണ് ഇന്ന് റഷ്യ സഞ്ചരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യദ്രോഹികളെ കുറിച്ച് അറിയിക്കാൻ ‘നല്ല പൗരന്മാർ’ക്കായി ടെലിഫോൺ ഹോട്ട്‌ലൈനുകളും വെബ്‌സൈറ്റുകളും പുടിന് സ്ഥാപിച്ച് കഴിഞ്ഞു. രാജ്യദ്രോഹികള്‍ 1937-ലേക്ക് റഷ്യയെ വലിച്ചിഴച്ചതായി വ്‌ളാഡിമിർ പുടിൻ ആരോപിച്ചു. 

യുക്രൈന്‍ അധിനിവേശത്തെ വിമർശിക്കുന്ന സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാൻ എല്ലാ ദിവസവും സര്‍ക്കാര്‍ റഷ്യക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായാണ് ഹോട്ട്ലൈനുകള്‍ സ്ഥാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിക്കുന്ന ആരെയും ഉന്മൂലനം ചെയ്യാൻ തന്‍റെ രഹസ്യ പോലീസ് സേനയായ എൻകെവിഡിയെ ഉപയോഗിച്ച ജോസഫ് സ്റ്റാലിന്‍റെ തന്ത്രങ്ങള്‍ തന്നെയാണ് പുടിന്‍റെതും. തന്‍റെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരെ സംസാരിക്കുന്നവരെയെല്ലാം നിശബ്ദമാക്കിയ ആ പഴയ സോവിയേറ്റ് ഏകാധിപത്യ തന്ത്രം. 

ഏതാണ്ട് 100 വർഷങ്ങൾക്ക് ശേഷം, ക്രെംലിൻ പല പ്രദേശങ്ങളിലുമുള്ള പൗരന്മാർക്ക് പരസ്പരം എങ്ങനെ അപലപിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണുകളില്‍ ടെക്‌സ്‌റ്റ് സന്ദേശങ്ങളായി എത്തുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു. വിയോജിപ്പുള്ള ശബ്ദങ്ങളെ അപ്പോള്‍ തന്നെ ജയിലിലേക്ക് മാറ്റുന്നു. പ്രസിഡന്‍റ് പുടിനോടോ പുടിന്‍റെ ആശയങ്ങളോടെ എതിര്‍പ്പുള്ളവരെ കുറിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണകൂടത്തെ അറിയിക്കാം. ഇത്തരത്തില്‍ വിവരം കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സാമൂഹ്യമാധ്യമ പ്ലാറ്റ് ഫോമായ ടെലിഗ്രാമില്‍ പ്രത്യേകം സംവിധാനമൊരുക്കിയിട്ടുണ്ട്. 

മോസ്കോ ബാറില്‍ നിന്ന് അപരിചിതനായ ഒരാളോട് മദ്യപാനത്തിനിടെ സര്‍ക്കാറിന്‍റെ നടപടികളെ വിമര്‍ശിച്ച യുവതിയും യുവാവിനെയും മണിക്കൂറികള്‍ക്കുള്ളില്‍ പോലീസെത്തി അറസ്റ്റ് ചെയ്തു. ‘റഷ്യൻ സായുധ സേനയെ അപകീർത്തിപ്പെടുത്തിയതിന്’ പിഴ ചുമത്തുകയായിരുന്നു സാധാരണ ചെയ്തിരുന്നത്. ഇപ്പോള്‍ പിഴ ഇല്ല. പകരം പ്രതികരിക്കുന്നവരെ നേരെ ജയിലിലേക്കാണ് മാറ്റുന്നത്. ‘അത് വെറുമൊരു ചിറ്റ് ചാറ്റ് ആയിരുന്നു… ഞങ്ങൾ അദ്ദേഹത്തിന്‍റെ അഭിപ്രായം പങ്കിടാത്തതിൽ അദ്ദേഹം വളരെ അസ്വസ്ഥനായി. പുടിനും യുദ്ധവും തികച്ചും ശരിയാണെന്ന് പറഞ്ഞ് ഞങ്ങളോട് തർക്കിക്കാൻ തുടങ്ങി.’ അറസ്റ്റിലായ സ്ത്രീ സൺ‌ഡേ ടെലിഗ്രാഫിനോട് പറഞ്ഞു.

മധ്യ റഷ്യയിലെ പെൻസയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാകട്ടെ സര്‍ക്കാറിന്‍റെ പുതിയ തീരുമാനം തങ്ങളുടെ ടീച്ചറോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ലാസ് റൂമില്‍ യുദ്ധ വിരുദ്ധ അഭിപ്രായങ്ങള്‍ പങ്കുവച്ച ടീച്ചറുടെ വീഡിയോ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് അയക്കുകയായിരുന്നു. സൈബീരിയയിലെ തന്‍റെ വീടിന്‍റെ പൂന്തോട്ടം നീലയും മഞ്ഞയും റിബണുകള്‍ വച്ച് അലംങ്കരിച്ച ഒരു വീട്ടമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിന് കാരണമായി പറഞ്ഞതാകട്ടെ നീലയും മഞ്ഞയും യുക്രൈന്‍റെ പതാകയിലെ നിറങ്ങളാണെന്നായിരുന്നു. 

‘റഷ്യയിൽ ഇപ്പോൾ 1937 ലെ പോലെയാണ്. ആളുകൾ പരസ്പരം സംസാരിക്കാന്‍ പോലും  ഭയക്കുന്നു.’ വെന്ന് റഷ്യൻ മനുഷ്യാവകാശ സംഘടനയായ ഒവിഡി-ഇൻഫോ ഗ്രൂപ്പിന്‍റെ നിയമവിഭാഗം മേധാവി അലക്‌സാന്ദ്ര ബേവ പറയുന്നു. സ്റ്റാലിന്‍റെ സ്വകാര്യ സേനയായിരുന്ന NKVD യിലൂടെയായിരുന്നു ഉന്മൂലനം കാര്യമായും നടന്നത്. സ്റ്റാലിന്‍റെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷം ഈ സേനയെ പിരിച്ച് വിട്ടു. 1954 ല്‍ റഷ്യ കെജിബി എന്ന രഹസ്യാന്വേഷണ സേനയ്ക്ക് രൂപം നല്‍കി. പിന്നീടങ്ങോട്ട് ഭരണകൂടത്തിനെതിരെയുള്ള വമര്‍ശനങ്ങളെ ഇല്ലാതാക്കിയിരുന്നത് കെജിബിയായിരുന്നു.

തുടക്കത്തില്‍ കെജിബിയുടെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഇന്നത്തെ പ്രസിഡന്‍റ് വ്ളോദിമിര്‍ പുടിന്‍. റഷ്യ, യുക്രൈനില്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ റഷ്യയില്‍ പ്രതിഷേധങ്ങളും രൂപപ്പെട്ടിരുന്നു. ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ 15,000 പേരെയാണ് യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രകടനം നടത്തിയതിന് റഷ്യയില്‍ അറസ്റ്റ് ചെയ്തത്. 

യുക്രൈന് വേണ്ടി വാദിച്ച് റഷ്യയില്‍ നടന്ന 14 വ്യത്യസ്ത യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ നിന്നായി 176 പേരെ കഴിഞ്ഞ ശനിയാഴ്ചയും അറസ്റ്റ് ചെയ്തു. നിലവിൽ യുക്രൈന്‍ അധിനിവേശത്തിനെതിരെ സംസാരിക്കുന്നതും എതിര്‍ക്കുന്നതും റഷ്യയില്‍ നിയമവിരുദ്ധമാണ്. റഷ്യയുടെ യുക്രൈന്‍ നടപടിയെ യുദ്ധമെന്ന് പോലും വിശേഷിപ്പിക്കാന്‍ റഷ്യയില്‍ നിയമപരമായി കഴിയില്ല. പകരം പ്രത്യേക സൈനിക നടപടിയെന്നാണ് വിശേഷിപ്പിക്കേണ്ടത്. നവനാസികളില്‍ നിന്നും യുക്രൈനെ മോചിപ്പിക്കാനുള്ള സൈനിക നടപടി മാത്രമാണിതെന്നാണ് പുടിന്‍റെ അവകാശവാദം. 

പാശ്ചാത്യ ‘ആഗോള ആധിപത്യം നേടാനുള്ള ശ്രമങ്ങൾ’ റഷ്യയുടെ ഭാഗത്ത് നിന്ന് വരാനിരിക്കുന്നതായി മാർച്ച് 16 ന് പുടിൻ പ്രഭുക്കന്മാർക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ‘നമ്മുടെ സമൂഹത്തെ വിഭജിക്കുന്നതിന്’ ‘അഞ്ചാമത്തെ നിര’ ആയി ‘ഇവിടെ പണം സമ്പാദിക്കുന്നവരും അവിടെ താമസിക്കുന്നവരും’ ഉപയോഗിക്കുമെന്നും പുടിന്‍ രാജ്യത്തിന് മുന്നറിയിപ്പ് നൽകി.പാശ്ചാത്യരാജ്യങ്ങൾ ‘അഞ്ചാമത്തെ കോളം’ (fifth column) എന്ന് വിളിക്കപ്പെടുന്ന രാജ്യദ്രോഹികളോട് വാതുവെക്കാൻ ശ്രമിക്കും. അവര്‍ക്ക് ഒരു ലക്ഷ്യമുണ്ട് – റഷ്യയുടെ നാശം.’ പുടിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരാണെന്ന് താൻ കരുതുന്ന ആരെയും വിശേഷിപ്പിക്കാൻ സ്റ്റാലിനാണ് ആദ്യമായി ‘അഞ്ചാം നിര’ എന്ന പദം ഉപയോഗിക്കുന്നത്. 

പുടിന്‍റെ രാഷ്ട്രീയ സന്ദേശത്തോട് മോസ്കോ ആസ്ഥാനമായുള്ള രാഷ്ട്രീയ വിശകലന വിദഗ്ധൻ ആൻഡ്രി കോൾസ്നിക്കോവ് പ്രതികരിച്ചത് ഇങ്ങനെ: ‘ഓർവെലിയൻ രീതിയിൽ പുടിൻ റഷ്യയിലെ പൗരന്മാരെ വൃത്തിയുള്ളവരും അശുദ്ധരുമായി വിഭജിച്ചു,’ അതെ, സ്റ്റാലിന്‍ ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ച അതേ തന്ത്രം. നിങ്ങള്‍ എനിക്കൊപ്പമാണോ അതോ ശത്രു പക്ഷത്തോ ? എന്ന ചോദ്യം റഷ്യയില്‍ വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നു. 
 

- Advertisement -
- Advertisement -spot_img
Stay Connected
16,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: