
വലേറ്റ: യുക്രെയ്നിലെ അധാർമികമായ യുദ്ധം അവസാനിപ്പിക്കണമെന്നും അഭയാർഥികളോടു ലോകം കരുണയും സഹാനുഭൂതിയും കാണിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. കാൽമുട്ടുവേദന ഏറെ ബുദ്ധിമുട്ടിച്ചിട്ടും മാർപാപ്പ രണ്ടുദിന മാൾട്ട സന്ദർശനത്തിലെ നിശ്ചിത പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കി.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവർക്കായി വലേറ്റയിലെ പൊതു കുർബാനമധ്യേ അദ്ദേഹം പ്രത്യേകം പ്രാർഥിച്ചു. കുർബാനയ്ക്കിടെ മുട്ടുവേദന മൂലം മാർപാപ്പ പലതവണ സഹായിയുടെ സേവനം തേടി. മുട്ടുവേദന മൂലം കൂടുതൽ സമയവും മാർപാപ്പ ഇരിക്കുകയായിരുന്നതിനാൽ ആർച്ച്ബിഷപ് ചാൾസ് സിക്ലൂണ പ്രാർഥനയ്ക്കു നേതൃത്വം നൽകി. പ്രദക്ഷിണം ഒഴിവാക്കുകയും ചെയ്തു.
റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ എഡി 60ൽ കപ്പലപകടത്തിൽപ്പെട്ട സെന്റ് പോൾ താമസിച്ചുവെന്നു കരുതുന്ന റബാത് പട്ടണത്തിലെ സ്മാരക ഗ്രോട്ടോ മാർപാപ്പ സന്ദർശിച്ചു. മാൾട്ടയിലെ ജനം അന്നു സെന്റ് പോളിനെ സഹായിച്ചതുപോലെ യൂറോപ്പ് അഭയാർഥികളോടു കാരുണ്യം കാണിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.