വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡൻ. പുടിൻ ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. യുക്രൈയ്ൻ യുദ്ധം റഷ്യയുടെ തന്ത്രപരമായ പരാജയമാണ്. പോളണ്ടിലെ വാർസോയിലെ പ്രസംഗത്തിലാണ് ബൈഡൻ പുടിനെ കടന്നാക്രമിച്ചത്. അതേസമയം റഷ്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കേണ്ടത് റഷ്യക്കാരാണെന്ന് ക്രെംലിൻ തിരിച്ചടിച്ചു.
ഇതിനുപിന്നാലെ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും മറ്റ് രാജ്യങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കുന്നതിനെയാണ് ബൈഡൻ വിമർശിച്ചതെന്നും വ്യക്തമാക്കി വൈറ്റ്ഹൗസ് രംഗത്തെത്തി. ഇതിനിടെ, നാറ്റോയോട് കൂടുതൽ ആയുധം ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി.
നാറ്റോയുടെ ഒരു ശതമാനം ആയുധമാണ് സുരക്ഷ മുൻനിർത്തി ആവശ്യപ്പെടുന്നതെന്ന് സെൻലസ്കി പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പ്രദേശത്തെ മേയറെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെർണോബിൽ ഉൾപ്പെടുന്ന സ്ലാവുടിക്കിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിട്ടുണ്ട്. ലിവൈവിലും രൂക്ഷമായ ആക്രമണമാണ് റഷ്യൻ സൈന്യം നടത്തുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തയിരുന്നു. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമായിരുന്നു. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു.
എന്നാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിന്‍റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്‍റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിൻ ഇതിനോട് പ്രതികരിച്ചത്. എന്നാൽ റഷ്യൻ ഭരണകൂടത്തിൽ ബൈഡന്‍റെ പ്രസ്താവനയോടുള്ള അമർഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, റഷ്യ യുക്രൈനിൽ രാസ, ജൈവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ റഷ്യൻ സുരക്ഷാ കൗൺസിൽ ജനറൽ നികോളായ പട്രുഷേവുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവുമായി ഫെബ്രുവരിയിൽ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മിൽ നടത്തിയ ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്