Photo: Reuters
കൈവ്: ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പിയറി സക്സെവ്‌സ്‌കി, യുക്രേനിയൻ പത്രപ്രവർത്തകൻ ഒലെക്‌സാന്ദ്ര സാഷ കുവ്ഷിനോവ എന്നിവർ യുക്രെയ്നിൽ അവർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് നെറ്റ്‌വർക്ക് ചൊവ്വാഴ്ച അറിയിച്ചു.
55 കാരനായ സക്രസെവ്‌സ്‌കി, മറ്റൊരു ഫോക്‌സ് ന്യൂസ് ജേണലിസ്റ്റായ ബെഞ്ചമിൻ ഹാളിനൊപ്പം തിങ്കളാഴ്ച ആക്രമണത്തിന് ഇരയായ തലസ്ഥാനമായ കൈവിനു സമീപം റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് സിഇഒ സുസൈൻ സ്കോട്ട് ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. സാരമായി പരിക്കേറ്റ ഹാൾ ആശുപത്രിയിൽ തുടരുന്നു.
ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവയുൾപ്പെടെ ഫോക്‌സ് ന്യൂസിന് വേണ്ടിയുള്ള ഒന്നിലധികം യുദ്ധമുഖങ്ങൾ കവർ ചെയ്‌ത പരിചയസമ്പന്നനായ ഒരു യുദ്ധമേഖല ഫോട്ടോഗ്രാഫറായിരുന്നു സക്സെവ്സ്‌കി. ഫെബ്രുവരി മുതൽ യുക്രെയ്നിൽ ജോലി ചെയ്തു വരികയായിരുന്നു.
മൂന്നാഴ്ചയോളം നീണ്ട പോരാട്ടത്തിനിടെ നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും പത്രപ്രവർത്തകനുമായ ബ്രെന്റ് റെനൗഡ് യുക്രെയ്നിലെ കൈവ് മേഖലയിലെ ഇർപിൻ പട്ടണത്തിൽ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു. മാർച്ച് 1 ന്, കിയെവിലെ ഒരു ടെലിവിഷൻ ടവറിനു നേരെ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ യുക്രേനിയൻ ക്യാമറ ഓപ്പറേറ്റർ യെവ്‌നി സാകുൻ കൊല്ലപ്പെട്ടു.