
ലോക പ്രതിരോധ ഭൂപടത്തിൽ അത്രയ്ക്കൊന്നും ചർച്ച ചെയ്യപ്പെടാത്ത രാജ്യമായിരുന്നു ഓസ്ട്രേലിയ. മറ്റുരാജ്യങ്ങളുമായൊന്നും കരയതിർത്തി പങ്കിടാത്ത വിസ്തൃത രാജ്യമായതിനാൽ പ്രതിരോധപരമായ ഭീഷണികൾ ഓസ്ട്രേലിയയ്ക്കു താരതമ്യേന കുറവായിരുന്നു. തൊട്ടടുത്ത് ശത്രുരാജ്യങ്ങളും കുറവ്. എന്നാൽ തെക്കൻ ചൈനാക്കടലിൽ ചൈന ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഇവിടെ ഉടലെടുത്ത ശാക്തിക സംഘർഷങ്ങൾ ഓസ്ട്രേലിയയെയും ബാധിക്കുന്നുണ്ട്.
ജപ്പാൻ, ഇന്ത്യ, യുഎസ് എന്നിവരുമായി ചേർന്ന് ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഓസ്ട്രേലിയ ചൈനയ്ക്കെതിരെ ശക്തമായ നിലപാട് ഉയർത്തുന്നുണ്ട്. യുഎസ്, ബ്രിട്ടൻ എന്നിവരുമായുള്ള ത്രികോണ ഓക്കസ് സഖ്യത്തിലും ഓസ്ട്രേലിയയുണ്ട്.
തയ്‌വാനു മേൽ ചൈന നടത്തുന്ന സമ്മർദ്ദതന്ത്രങ്ങളെയും യുദ്ധഭീഷണിയെയും ഓസ്ട്രേലിയ ശക്തമായി വിമർശിച്ചിരുന്നു. ഇതു തുടരുകയാണെങ്കിൽ ഈ പതിറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ചൈനയുമായി ശക്തമായ ശാക്തിക വടംവലികൾ നേരിടേണ്ടി വരുമെന്ന് ഓസ്ട്രേലിയ വിശ്വസിക്കുന്നു. ഇതെത്തുടർന്ന് ഹൈപ്പർസോണിക് മിസൈലുകളും, ഹൈപ്പർസോണിക് വേധ ആയുധങ്ങളും വികസിപ്പിക്കാനായി യുഎസ്, യുകെ എന്നിവർക്കൊപ്പം അണിചേരുകയാണ് ഓസ്ട്രേലിയ. ശബ്ദത്തിന്റെ അഞ്ചുമടങ്ങിലേറെ വേഗത്തിൽ പോകുന്ന ഹൈപ്പർസോണിക് പടക്കോപ്പുകൾ ഇപ്പോൾ പ്രതിരോധരംഗത്തെ പുതിയ തരംഗമാണ്.
260 കോടി രൂപയുടെ മിസൈൽ അപ്ഗ്രേഡുകൾക്കാണ് ഓസ്ട്രേലിയ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയുടെ പടക്കപ്പലുകളിലും യുദ്ധവിമാനങ്ങളിലും ഉപയോഗിക്കുന്ന മിസൈലുകളുടെ റേഞ്ച് വലിയ രീതിയിൽ വർധിക്കും.റോയൽ ഓസ്ട്രേലിയൻ നേവി, ആർമി, എയർഫോഴ്സ് എന്നിവയടങ്ങിയതാണ് ഓസ്ട്രേലിയയുടെ സേന. ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, ശീതകാലത്തെ യുദ്ധദൗത്യങ്ങൾ എന്നിവയിൽ ഓസ്ട്രേലിയൻ സേന പങ്കെടുത്തിരുന്നു.
1970 വരെ തങ്ങളുടെ സഖ്യരാഷ്ട്രങ്ങളായ യുഎസിനും ബ്രിട്ടനുമൊപ്പം ചേർന്ന് തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ നടപ്പാക്കുക എന്നതായിരുന്നു ഓസ്ട്രേലിയയുടെ നയം. എന്നാൽ 1970നു ശേഷം സ്വന്തവും സ്വതന്ത്രവുമായ ഒരു പ്രതിരോധനയം രൂപീകരിക്കാൻ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. ഡിഫൻസ് ഓഫ് ഓസ്ട്രേലിയ പോളിസി എന്നാണ് ഇത് അറിയപ്പെട്ടത്. നേരിട്ടു യുദ്ധങ്ങൾ നടത്തിയിട്ടില്ലെങ്കിലും സഖ്യസേനയുടെ ഭാഗമായി ഓസ്ട്രേലിയൻ സൈന്യവും സൈനികരും ലോകത്ത് പലയിടങ്ങളിലും എത്തിയിട്ടുണ്ട്.
ലോകത്ത് സൈനിക കരുത്തിൽ 17ാം സ്ഥാനത്താണ് ഓസ്ട്രേലിയ. 430 എയർക്രാഫ്റ്റുകളുള്ള വായുസേനയു 6 അന്തർവാഹിനികളും 8 ഫ്രിഗേറ്റുകളും 3 ഡിസ്ട്രോയറുകളുമടങ്ങിയ നാവികസേനയുമാണ് അവർക്കുള്ളത്. മൂന്നു വിഭാഗങ്ങളിലുമായി അറുപതിനായിരത്തോളം സൈനികർ ഓസ്ട്രേലിയൻ സേനയിലുണ്ട്.
ആണന, ജൈവ, രാസയുങ്ങളെപ്പറ്റി ഗവേഷണത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിലും ആണവായുധങ്ങളോ മറ്റ് മാരക ആയുധങ്ങളോ ഓസ്ട്രേലിയയ്ക്ക് ഇല്ല. എന്നാൽ എപ്പോൾ വേണമെങ്കിലും ആണവശേഷി കൈവരിക്കാനുള്ള സാങ്കേതിക ജ്ഞാനമുള്ള രാജ്യങ്ങളായ ന്യൂക്ലിയർ ത്രെസ്ഹോൾഡ് നേഷൻസിന്റെ വിഭാഗത്തിലാണ് ഓസ്ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്.എന്നാൽ രാജ്യത്തെ പ്രതിരോധം കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ഓസ്ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.
2040 ഓടെ 18500 സൈനികരെ കൂടി മൂന്നു സേനകളിലായി ചേർക്കുമെന്നും 3800 കോടി ഓസ്ട്രേലിയൻ ഡോളർ ഇതിനായി ചെലവഴിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചിരുന്നു. ആണവ അന്തർവാഹിനികളും ഓക്കസ് സഖ്യത്തിന്റെ ഭാഗമായതിലൂടെ ഓസ്ട്രേലിയയ്ക്കു ലഭിക്കും. ആണവ അന്തർവാഹിനികൾ ലഭിക്കുന്ന ആദ്യ ആണവേതര രാജ്യമായി ഇതോടെ ഓസ്ട്രേലിയ മാറും.
എന്താണ് ഹൈപ്പർസോണിക് മിസൈൽ
ഹൈപ്പർസോണിക് ആയുധങ്ങൾ, പൊതുവേ, പരമ്പരാഗത മിസൈലുകളേക്കാൾ വളരെ വേഗതയുള്ളതും കൂടുതൽ ചടുലവുമാണ്. ലക്ഷ്യത്തിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിനുമുമ്പ്, മാക് 5 അല്ലെങ്കിൽ അതിലും ഉയർന്ന വേഗതയിൽ, അല്ലെങ്കിൽ ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ അല്ലെങ്കിൽ മണിക്കൂറിൽ 6,174 കിലോമീറ്റർ (3,836 മൈൽ) വേഗതയിൽ ഒരു റോക്കറ്റ് ഉപയോഗിച്ച് ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിലേക്ക് കുതിക്കുന്ന മിസൈലുകളാണ് അവ.


എന്നാൽ ഈ പുതിയ തലമുറ ഹൈപ്പർസോണിക് ആയുധങ്ങളെ വേർതിരിക്കുന്നത് വേഗതയല്ല; ചില രാജ്യങ്ങൾക്ക് ഇതിനകം തന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്, അത് കൂടുതൽ വേഗതയിൽ വലിയ ദൂരം സഞ്ചരിക്കുന്നു. എന്നിരുന്നാലും, ഈ ബാലിസ്റ്റിക് മിസൈലുകൾ, ഒരു ഡാർട്ടിന് സമാനമായി വിക്ഷേപിച്ചതിന് ശേഷം നിയന്ത്രിക്കാൻ സാധിക്കാത്തതാണ്. തൽഫലമായി, അവയുടെ പ്രവർത്തനം പ്രവചിക്കാൻ കഴിയാത്തതും അവയെ നശിപ്പിക്കാൻ എളുപ്പവുമാണ്.
എന്നാൽ ഹൈപ്പർസോണിക് ആയുധങ്ങൾക്ക് ഈ അവിശ്വസനീയമായ വേഗതയിൽ സഞ്ചരിക്കാൻ കഴിയും, അതേസമയം ഒരു ക്രൂയിസ് മിസൈൽ പോലെ അവ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ സ്വയം വീണ്ടും ഓറിയന്റുചെയ്യുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഒരു “ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ” എന്നത് ഒരു വാർഹെഡുള്ള ഒരു ഹൈപ്പർസോണിക് വിമാനമാണ്, അത് മുകളിലെ അന്തരീക്ഷത്തിലൂടെ പറക്കുകയും എളുപ്പത്തിൽ ലക്ഷ്യത്തിലേക്ക് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. ഇതിന് മറ്റ് നിരവധി പ്രത്യേകതകളും ഗുണങ്ങളുമുണ്ട്. മിസൈലിനെ ഏത് ദിശയിൽ നിന്നും നിയന്ത്രിക്കാൻ കഴിയും, നിലവിൽ ഹൈപ്പർ സോണിക് മിസൈലുകളെ തടയാൻ ഫലപ്രദമായ മാർഗങ്ങളില്ല.