ശരീരഭാരം കുറയ്ക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് എന്നാൽ ആർക്കും അതിനായി മെനക്കെടാൻ സമയമില്ല എന്നത് വാസ്തവമായ കാര്യമാണ്. ജോലി തിരക്ക് കാരണം ഒന്ന് ജിമ്മിൽ പോകാൻ പോലും ഇന്ന് ആർക്കും സമയവുമില്ല ഇനി സമയമുണ്ടെങ്കിൽ തന്നെ അവിടെപ്പോയി ഗുസ്തി കാണിക്കാൻ ആർക്കും ആവതുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇത്തരം സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്ന് എന്നുപറയുന്നത് നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനായി സഹായിക്കുന്ന ചില മെറ്റബോളിസം ബൂസ്റ്റിംഗ് പാനീയങ്ങളുണ്ട് . ഇവ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് വേഗത്തിൽ അലിഞ്ഞുപോകുകയും നിങ്ങളെ ഫിറ്റ് ആക്കുകയും ചെയ്യുന്നു. ഇത് പണ്ടുകാലം മുതലേ പിന്തുടരുന്ന തടി കുറയ്ക്കാൻ സഹായകമായ വീട്ടുപായങ്ങൾ ആണെന്നുവേണമെങ്കിലും പറയാം.
അജ്വെയ്ൻ വെള്ളം
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് അയമോദകം വളരെയധികം സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി ആദ്യം അയമോദകം ഒന്ന് ചെറുതായി വറുത്തെടുക്കുക ശേഷം ഇതിനെ ഏതാണ്ട് ഒന്നോ രണ്ടോ സ്പൂൺ എടുത്ത് രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തശേഷം രാവിലെ ആ വെള്ളം അരിച്ചെടുത്ത് കുടിക്കുക.
നാരങ്ങ, തേൻ വെള്ളം
വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷം നൽകുന്നതിന് വളരെയധികം നല്ലതാണ് നാരങ്ങ. ശരീരഭാരം കുറയ്ക്കാൻ (Weight Loss) ചെറുചൂടുള്ള വെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞു ചേർക്കുക അതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കുക. ഈ വെള്ളം ആന്റി ഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് മാത്രമല്ല ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനും ഈ വെള്ളം ഉത്തമമാണ്. ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കണം.
പെരുംജീരകം വെള്ളം
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പെരുംജീരക വെള്ളം വയറിലെ കൊഴുപ്പ് ഉരുക്കി കളയുന്നതിന് നല്ലതാണ്. ഈ വെള്ളം കുടിച്ചാൽ വയറ്റിലെ അസ്വസ്ഥത, വയറു വീർക്കുക തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകില്ല. ഇത് തയ്യാറാക്കാൻ ഒരു സ്പൂൺ പെരുംജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം അരിച്ച് കുടിക്കുന്നതിലൂടെ മെറ്റബോളിസം ഉത്തേജിപ്പിക്കപ്പെടുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.