കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്നിൽ പോരാടി തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രൻ. ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാല വിദ്യാർഥിയാണ് ഈ 21കാരൻ. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലക്കാരനാണ് യുവാവ്.
എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ സായ് തനിക്ക് വിഡിയോ ഗെയിം നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം ഒരു മാസം മുമ്പ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, യുദ്ധം ആരംഭിച്ചതിന് പിന്നാലെ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ വീട്ടുകാർ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു.
തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട സായ് നികേഷ്, റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായുള്ള വിവരം കുടുംബത്തെ അറിയിച്ചു. മകൻ യുദ്ധമുഖത്താണെന്ന വിവരമറിഞ്ഞ ഞെട്ടലിലാണ് സായ് നികേഷിന്‍റെ കുടുംബാംഗങ്ങൾ.
2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ സമയത്ത് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാലയിൽ ചേരുകയായിരുന്നു. വരുന്ന ജൂലൈയിൽ സർവകലാശാല പഠനം പൂർത്തിയാകും