സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്നയുടെ വെളിപ്പെടുത്തല്‍ വീണുകിട്ടിയ ആയുധമാക്കി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ യു.ഡി.എഫ്. പ്രതിരോധിക്കാന്‍ സി.പി.എമ്മും തയാറെടുക്കുന്നതോടെ കേരളം കാണാന്‍ പോകുന്നത് വലിയ സമര നീക്കങ്ങള്‍ക്ക്. അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാന്‍ തയ്യാറുകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളം കാണുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസം നിലനിര്‍ത്തി സര്‍ക്കാരിനെതിരേ പുതിയ ആയുധം തിരയുമ്പോഴാണ് അപ്രതീക്ഷിതമായി സ്വപ്‌നയുടെ രണ്ടാം വരവ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നു സി.പി.എം പറയുമ്പോഴും കുറച്ചുകാലത്തേക്കെങ്കിലും വിവാദം കത്തിക്കാന്‍ തന്നെയാണ് യു.ഡി.എഫ് നീക്കം. ബി.ജെ.പിയും തൃക്കാക്കര തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ വിവാദം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയല്ല ആരായാലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരെ വിലങ്ങുവെക്കുമെന്നാണ് കെ. സുരേന്ദ്രന്റെ മുന്നറിയപ്പ്.
പി.സി ജോര്‍ജിനെവെച്ചു നടത്തിയ മുതലെടെപ്പും ചീറ്റിപ്പോയതോടെ വലിയ തകര്‍ച്ചയിലായിരുന്നു ബി.ജെ.പി.
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും പ്രതിക്കൂട്ടിലായിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ബ്രോക്കര്‍മാരുമാണെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ആരോപിച്ചത്.
മുഖ്യമന്ത്രിയും എ.ഡി.ജി.പിമാരും ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പ്രഹസന അന്വേഷണത്തില്‍ ഒരിക്കലും സത്യം പുറത്തവരില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.
ആരോപണങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും കള്ളക്കഥകള്‍ക്കു മുന്നില്‍ സി.പി.എം കീഴടങ്ങില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു വ്യക്തമാക്കിയത്. ഗൂഢാലോചനക്കു പിന്നിലെ കാരണം സര്‍ക്കാര്‍ കണ്ടെത്തണം. സ്വപ്നയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഇത് കോടതി പരിശോധിക്കണം. രഹസ്യമൊഴി വെളിപ്പെടുത്തുന്നതുതന്നെ അസാധാരണമായ നടപടിയല്ലേ എന്നും കോടിയേരി ചോദിച്ചു.
സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിനുപിന്നില്‍ രാഷ്ട്രീയ ഉദ്ദേശം മാത്രമാണ്. കേരളത്തില്‍ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ലക്ഷ്യമെന്നും അവര്‍ ആരോപിക്കുമ്പോള്‍ തന്നെ വരും ദിനങ്ങളിലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുതിയ വെളിപ്പെടുത്തലുകളും വരുമെന്നുതന്നെയാണ് വ്യക്തമാകുന്നത്.