വളർത്തു നായയ്ക്കൊപ്പം നടക്കാനിറങ്ങിയതാണ് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ദമ്പതികൾ. എന്നാൽ ഇവരെ കാത്തിരുന്നത് വലിയ ഒരു അപകടമായിരുന്നു. വീടിനു വെളിയിലേക്കിറങ്ങിയതും കൂറ്റനൊരു കരടി ഇവർക്ക് നേരെ ആക്രമിക്കാനായി പാഞ്ഞടുത്തു. ഭയാനകമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വീടിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. പുറത്തേക്കിറങ്ങിയ ദമ്പതികൾ വീടിനുള്ളിലേക്ക് തിരികെ ഓടിക്കയറുന്നത് വിഡിയോയിൽ കാണാം. പെട്ടെന്ന് ഉള്ളിലേക്ക് കയറാൻ ഭർത്താവ് ആവശ്യപെടുകയും ചെയ്യുന്നുണ്ട്. നിലവിളിച്ചുകൊണ്ടാണ് ഇരുവരും അകത്തേക്കോടുന്നത്. ഒപ്പം വളർത്തുനായയെ വീടിനുള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നുമുണ്ട്.
ഓടിയെത്തിയ നായ ഒരു നിമിഷം തിരിഞ്ഞു നിന്നു നോക്കിയെങ്കിലും അകത്തേക്ക് കയറിപ്പോയി. അപ്പോഴേക്കും കരടി വീട്ടുമുറ്റത്തേക്ക് പാഞ്ഞടുത്തിരുന്നു. ഇരകൾ രക്ഷപ്പെട്ടുവെന്ന് മനസ്സിലായതോടെ അല്പസമയം അവിടെ നിന്നശേഷം അത് തിരികെ മടങ്ങുകയും ചെയ്തു. വീടിനുള്ളിൽ കയറിയ ഉടൻതന്നെ വാതിൽ പൂട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
കഴിഞ്ഞ ആഴ്ചകളായി ഫ്ലോറിഡയിലെ പലഭാഗങ്ങളിലും കരടികളെ കാണുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനവാസ മേഖലകളിലാണ് കരടികളെ കണ്ടെത്തിയിട്ടുള്ളത്. കരടികളുമായി ബന്ധപ്പെട്ട് പ്രതിവർഷം ആറായിരത്തോളം ഫോൺകോളുകൾ ലഭിക്കുന്നുണ്ടെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ അറിയിക്കുന്നു. എന്നാൽ കരടികൾ മൂലം അപകടങ്ങളുണ്ടായ സംഭവങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്.