
കല്ലമ്പലം: മഞ്ഞളിന് വിപണി കണ്ടെത്താനാകാതെ വിഷമിച്ച കർഷകൻ്റെ 500 കിലോയിൽ പരം മഞ്ഞൾ വിറ്റഴിച്ച് തോട്ടക്കാട് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ്റെ പ്രവർത്തനം മാതൃകാപരം. തോട്ടക്കാട് വാഴവിള വീട്ടിൽ ആർ,എസ്.ശ്രീകുമാറിനാണ് മഞ്ഞൾ ചാലഞ്ചിലൂടെ റസിഡന്റ്സ് അസോസിയേഷൻ ആശ്വാസമായത്. അസോസിയേഷൻ ഭാരവാഹികളോട് ശ്രീകുമാർ തന്റെ വിഷമാവസ്ഥ അറിയിച്ചു. തുടർന്ന് ഭാരവാഹികൾ ആലോചിച്ച ശേഷം മഞ്ഞൾ മുഴുവൻ ശ്രീകുമാറിൽ നിന്ന് വാങ്ങി.
പിന്നീട് ഭാരവാഹികൾ ചേർന്ന് ഇതിനെ കഴുകി പുഴുങ്ങി ഉണക്കി വൃത്തിയാക്കി പൊടിച്ച് പാക്ക് ചെയ്തു. വിവരം പുറത്തായതോടെ മായം ചേരാത്ത നാടൻ മഞ്ഞൾ പൊടിക്ക് വൻ ഡിമാൻഡ് ആയിരുന്നു. അസോസിയേഷൻ അംഗങ്ങൾ തന്നെ മുഴുവൻ വാങ്ങി. ഇപ്പോൾ മഞ്ഞൾ പൊടി തേടി വരുന്നവർക്ക് കൊടുക്കാൻ സാധനം ഇല്ലെന്ന വിഷമം മാത്രം. അസോസിയേഷന്റെ ഇടപെടൽ വലിയ ആശ്വാസമായി എന്നും കൃഷി തുടരാൻ ഇത് വലിയ പ്രചോദനമാണ് എന്നും കർഷകനും ഇൻഷുറൻസ് സർവേയർ കൂടിയായ ശ്രീകുമാർ പറഞ്ഞു.