റഷ്യയുടെ ആവനാഴിയിലെ ഏറ്റവും തന്ത്രപ്രധാന ആയുധമാണ് പൊസൈഡണ്‍. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഈ ടോര്‍പിഡോക്ക് സമാനമായി മറ്റൊരു ആയുധമില്ലെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും ഈ ആയുധത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് കുരുതപ്പെടുമ്പോഴും ലോകരാജ്യങ്ങള്‍ ഏറ്റവും ഭയപ്പെടുന്ന റഷ്യയുടെ ആയുധമെന്ന വിശേഷണവും പൊസൈഡണിന് തന്നെ.
ഇന്റര്‍കോണ്ടിനെന്റല്‍ ന്യൂക്ലിയര്‍ പവേഡ് ന്യൂക്ലിയര്‍ ആംഡ് ഓട്ടോണമസ് ടോര്‍പെഡോ എന്നാണ് പൊസൈഡണിന്റെ വിശേഷണം. കപ്പലുകളെ തകര്‍ക്കാനും തീരദേശങ്ങളില്‍ സമാനതകളില്ലാത്ത തകര്‍ച്ചയുണ്ടാക്കാനും ശേഷിയുള്ള പൊസൈഡണിന് ഭൂഖണ്ഡാന്തര മിസൈലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗം കുറവാണ്. എന്നാല്‍ ഇവയെ തടയുക എളുപ്പമല്ലെന്നിടത്താണ് പൊസൈഡണ്‍ വേറിട്ടു നില്‍ക്കുന്നത്.

പടക്കപ്പലുകള്‍ക്കെതിരെയും വിമാനവാഹിനി കപ്പലുകള്‍ക്കെതിരെയും റഷ്യക്ക് പ്രയോഗിക്കാനാവുന്ന ഏറ്റവും സവിശേഷമായ ആയുധമായാണ് പൊസൈഡണിനെ വിശേഷിപ്പിക്കപ്പെടുന്നത്. 2015 നവംബറില്‍ ആദ്യം അവതരിപ്പിക്കപ്പെട്ടപ്പോള്‍ സ്റ്റാറ്റസ് 6 എന്നായിരുന്നു പൊസൈഡണിന്റെ പേര്. നിലവിലുള്ള ടോര്‍പിഡോകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത 70 നോട്ടിക്കല്‍ മൈലാണ് പൊസൈഡണിന്റെ വേഗമായി കണക്കാക്കപ്പെടുന്നത്. സമുദ്രത്തില്‍ ഏതാണ്ട് ആയിരം മീറ്റര്‍ അടിയില്‍ നിന്നു പോലും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാനും ഇവയ്ക്കാകും.
ഈ സവിശേഷതകളെല്ലാമുള്ള പൊസൈഡണിനെ തടുക്കണമെങ്കില്‍ പാശ്ചാത്യ ശക്തികള്‍ക്ക് പുതിയൊരു പ്രതിരോധ സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് കണ്ടെത്തുകയാണെങ്കില്‍ തന്നെ ഇതിനായി സമയവും പണവും ഏറെ ചെലവാക്കേണ്ടി വരും. തീരദേശ നഗരങ്ങള്‍ക്കായിരിക്കും പൊസൈഡണ്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുക. ഏതാണ്ട് 100 ടണ്ണിനോട് അടുപ്പിച്ചായിരിക്കും പൊസൈഡണിന്റെ ഭാരമെന്നാണ് കരുതപ്പെടുന്നത്. ആണവ അന്തര്‍വാഹിനികളുടെ ഭാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്.
ഔദ്യോഗികമായി റഷ്യ വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമാണ് പൊസൈഡണിനെ സംബന്ധിച്ച് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ റഷ്യന്‍ ആയുധത്തെക്കുറിച്ച് പ്രചരിക്കുന്ന പല പ്രത്യേകതകളും ഊഹാപോഹങ്ങളാണ്. തുറമുഖങ്ങളെ ആക്രമിക്കുന്നതിനായി റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍ 1950കളില്‍ നിര്‍മിക്കാന്‍ ശ്രമിച്ച ടി 15 മെഗാ ടോര്‍പിഡോയോടാണ് പൊസൈഡണിനെ താരതമ്യപ്പെടുത്തുന്നത്.

നിലവിലുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആയുധമാണ് എന്നതാണ് പൊസൈഡണിന്റെ പ്രധാന പ്രത്യേകത. റഷ്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും നാവിക പ്രതിരോധ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ഈ ആയുധത്തിനാകും. തീരപ്രദേശ നഗരങ്ങളില്‍ സുനാമി സൃഷ്ടിക്കാന്‍ ശേഷിയുള്ള സുനാമി ബോംബായും പൊസൈഡണിനെ ഉപയോഗിക്കാനാകും. എന്നാല്‍ ഇപ്പോഴും പൊസൈഡണ്‍ പൂര്‍ണമായും സജ്ജമായിട്ടുണ്ടെന്ന് ഉറപ്പില്ലെന്നത് മാത്രമാണ് ആശ്വാസകരം.