
പെരുമ്പാവൂർ: കോടനാട് പൊലീസിന്റെ നന്മയാൽ സതീശന്റെ കുടുംബത്തിനു വീടൊരുങ്ങി. അസുഖ ബാധിതനായി കഴിഞ്ഞ ഒക്ടോബറിൽ മരിച്ച കുറിച്ചിലക്കോട് സ്വദേശി സതീശന്റെ കുടുംബത്തിനു പൊലീസിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ സമർപ്പണം ഇന്നു 10.30 നു റൂറൽ എസ്പി കെ.കാർത്തിക് നിർവഹിക്കും.
750 ചതുരശ്ര അടി വിസ്തീർണത്തിലാണു വീട് നിർമിച്ചിരിക്കുന്നത്. അടച്ചുറപ്പില്ലാത്ത വാടകവീട്ടിലാണു സതീശനും ഭാര്യ ഷീബയും സ്കൂൾ വിദ്യാർഥികളായ 2 പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. കാൻസർ ബാധിച്ച് സതീശൻ 6 വർഷത്തോളം ചികിത്സയിലായിരുന്നു.
പെയ്ന്റിങ് തൊഴിലാളിയായ സതീശനും സഹായത്തിനു കൂടെ നിൽക്കുന്ന ഭാര്യയ്ക്കും ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. വയോധികയായ മാതാവാണു വീട്ടു ജോലികൾ ചെയ്തു കുടുംബം പോറ്റിയിരുന്നത്. 5 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടായിരുന്നുവെങ്കിലും വീട് നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല.
സതീശന്റെ കുടുംബത്തിന്റെ ഈ അവസ്ഥ അറിഞ്ഞാണു ഇൻസ്പെക്ടർ സജി മാർക്കോസിന്റെ നേതൃത്വത്തിൽ അവരുടെ സ്ഥലത്ത് വീട് നിർമിക്കാനുള്ള ചുമതല ഏറ്റെടുത്തത്. റൂറൽ എസ്പി കെ.കാർത്തിക്കും ഇക്കാര്യത്തിൽ പ്രത്യേകം താൽപര്യം എടുത്തു. പല സുമനസ്സുകളും സഹായം നൽകി. വീട് എന്ന സതീശന്റെ കാലങ്ങളായുള്ള സ്വപ്നം പൂവണിയുമ്പോൾ അതിൽ താമസിക്കാൻ സതീശൻ ഇല്ല എന്ന ദുഃഖമാണ് വീട്ടുകാർക്ക്.