തിരുവനന്തപുരം: അഡ്‌ഹോക് ബോറോയിംഗിലൂടെ അയ്യായിരം കോടി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതില്‍ നാലായിരം കോടിയും ശമ്പളത്തിനും പെന്‍ഷനും ചിലവാകും. ഇതോടെ കേരളം അടുത്തൊന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഉപാധികള്‍ക്ക് വിധേയമായാണ് വായ്പ എടുക്കാന്‍ കേന്ദ്രം താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ എടുക്കുന്ന വായ്പ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന പൊതുകടത്തില്‍ നിന്ന് കുറവ് ചെയ്യുമെന്നതാണ് പ്രധാന ഉപാധി.
മുന്‍വര്‍ഷമെടുത്ത വായ്പകളുടെയും ചിലവിന്റെ പൊരുത്തക്കേടുകള്‍ക്ക് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കണം. കിഫ്ബിയുടെയും കേരള സര്‍വീസ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും പേരില്‍ കേരളം എടുത്ത വായ്പകള്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദേശീയപാത അതോറിറ്റിയുടെയും എഫ്‌സിഐയുടെയും പേരില്‍ കേന്ദ്രം എടുക്കുന്ന വായ്പ അവ പൊതുകടത്തില്‍ ഉള്‍പ്പെടുത്താത്തത് ചൂണ്ടിക്കാട്ടി കേരളം സ്വന്തം നടപടി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്.
കേന്ദ്രത്തിന്റെ നിബന്ധന അംഗീകരിക്കാന്‍ കേരളം തയാറായില്ലെങ്കില്‍ ഇനി വായ്പ ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടാകും. കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി കിട്ടുന്ന തുകയില്‍ ഈ വര്‍ഷം 12000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം നിറുത്തലാക്കുന്നതിനു പുറമേ, കമ്മി നികത്താനുള്ള സഹായവും ആസൂത്രണ ഗ്രാന്റും കുറയുന്നതാണ് കാരണം. കൂടുതല്‍ വായ്പ എടുത്ത് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയത്.
ഏപ്രിലില്‍ ആയിരം കോടിയും മേയ് മാസത്തില്‍ അയ്യായിരം കോടിയും ജൂണില്‍ മൂവായിരം കോടിയും വായ്പയെടുക്കാനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല. കിഫ്ബി അനുമതി കൊടുത്ത പദ്ധതികള്‍ക്കായി എടുക്കേണ്ടിവരുന്ന 63000 കോടി അടക്കം പൊതുകടത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയാല്‍ വായ്പ പരിധിക്ക് അപ്പുറമാവും.
ഇതോടെ വികസന പദ്ധതികള്‍ക്ക് പണം കിട്ടാതാവും. മൊത്തവരുമാനത്തിന്റെ അനുപാതത്തില്‍ കേരളം കടക്കെണിയില്‍ നാലാമതാണ്. ഏറ്റുമുട്ടലിന് നില്‍ക്കാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് പരിഹാരം കാണാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.