കേന്ദ്രം ഇന്ധന നികുതി കുറയ്ക്കുമ്പോൾ കേരളവും കുറയ്ക്കേണ്ടതല്ലേ? കേരളത്തിൽ ഇപ്പോൾ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യമിതാണ്. എന്നാൽ ‘ഞങ്ങൾ കേന്ദ്രത്തിനൊപ്പം നികുതി കുറച്ചു’ എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. കേന്ദ്രം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 8 രൂപ കുറച്ചപ്പോൾ 2.41 രൂപ കേരളം കുറച്ചു എന്നാണ് കേരളത്തിന്റെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്. ഡീസലിന് കേന്ദ്രം 6 രൂപ കുറച്ചപ്പോൾ 1.36 രൂപയും കേരളം കുറച്ചുവത്രേ..! എന്നാൽ ഇത് കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ സ്വാഭാവികമായും വിലയിലുണ്ടാകുന്ന കുറവാണ്. എല്ലാ സംസ്ഥാനങ്ങളിലും (ആ സംസ്ഥാനങ്ങളുടെ വാറ്റ് അനുസരിച്ച്) സ്വാഭാവികമായി പ്രാബല്യത്തിൽ വരുന്ന ഇളവാണിത്. ഈ ഇളവിനെ കേരളം നികുതി കുറച്ചു എന്ന തരത്തിൽ സർക്കാർ വ്യാഖ്യാനിക്കുന്നതും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള ഒട്ടേറെ നടപടികളുടെ ഭാഗമായാണ് കേന്ദ്രം ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ കുറവു വരുത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, പണപ്പെരുപ്പ സൂചികയെ ഏറ്റവും നിർണായകമായി സ്വാധീനിക്കുന്ന ഇന്ധന വില കുറയ്ക്കാനുള്ള നടപടി സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 5ന് കേന്ദ്രം ഡീസലിന്റെ എക്സൈസ് നികുതി 10 രൂപയും പെട്രോളിന്റെ നികുതി 5 രൂപയും കുറച്ചിരുന്നു. ഇതേത്തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വാറ്റ് നികുതിയിലും കുറവ് വരുത്തി. കേന്ദ്രം നൽകിയ ഇളവിനെ കൂടാതെയാണ് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നികുതി കുറച്ചത്. എന്നാൽ അന്നും കേന്ദ്രം നൽകിയ വിലയിളവു ജനങ്ങളിലെത്തിക്കുന്നതിനെ, സംസ്ഥാനം നികുതി കുറച്ചു എന്നു ന്യായീകരിക്കുകയാണ് കേരളം ചെയ്തത്. ഇത്തവണയും അതേ ന്യായീകരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് വാറ്റ് നികുതി കുറച്ച് ആശ്വാസം നൽകുകയാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽ കേരളത്തിന്റെ അതിദയനീയമായ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കു മുൻപിൽ വിശദീകരിച്ച് നികുതി കുറയ്ക്കാനാവില്ലെന്നും, നികുതി കുറച്ചാൽ ശമ്പളം അടക്കമുള്ള അടിസ്ഥാന കാര്യങ്ങൾ വരെ അവതാളത്തിലാകുമെന്നും ജനങ്ങളോടു സത്യം പറയണം. കേരളം ഇന്ധന നികുതി കുറച്ചു എന്ന നുണ പറയരുത്. കാരണം കേരളത്തിലെ ജനങ്ങൾ പെട്രോൾ വാങ്ങുമ്പോൾ ഇപ്പോഴും 30.08 ശതമാനം വാറ്റും ഒരു രൂപ സെസും നൽകുന്നുണ്ട്. ഇതിൽനിന്ന് ദശാംശം ഒരു ശതമാനം പോലും ഈ രണ്ടു തവണയും കുറഞ്ഞിട്ടില്ല.
കേരളം നികുതി കൂട്ടിയോ?
കേന്ദ്ര സർക്കാർ പെട്രോളിന് 8 രൂപ നികുതി കുറച്ചപ്പോൾ കേരളത്തിൽ യഥാർഥത്തിൽ 10.41 രൂപയാണ് ഒരു ലീറ്ററിന് കുറയേണ്ടിയിരുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ കുറഞ്ഞതാകട്ടേ, 9.48 പൈസയും. അതായത് ശനിയാഴ്ചത്തെ കൊച്ചിയിലെ പെട്രോൾ വില ലീറ്ററിന് 115.20 രൂപയാണ്. എന്നാൽ കേന്ദ്ര സർക്കാർ നികുതി കുറച്ചതിനെ തുടർന്ന് കേരളത്തിൽ വില 105.72 രൂപയായി കുറഞ്ഞു. കേരളത്തിലുണ്ടായ കുറവ് 9.48 രൂപയുടേതാണ്. അതേ സമയം വാറ്റ് നികുതി കൂട്ടിയതായോ പ്രത്യേക സെസുകൾ ഏർപ്പെടുത്തിയതായോ സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അപ്പോൾ 93 പൈസ ലീറ്ററിന് കൂടുതലാണ് കേരളം ഇപ്പോൾ ഈടാക്കുന്നത്. ഈ വില നിർണയം എങ്ങനെയെന്നും യഥാർഥത്തിൽ കേരളം പെട്രോളിന്റെ നികുതി കൂട്ടുകയാണോ ചെയ്തതെന്നും സംസ്ഥാന സർക്കാർ ജനങ്ങളോടു വ്യക്തമാക്കേണ്ടതുണ്ട്.
കേന്ദ്രം കൂട്ടിയപ്പോൾ കേരളത്തിൽ കൂടിയോ?
2020 മാർച്ച്– മേയ് മാസങ്ങളിലാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുത്തനെ കൂട്ടിയത്. കോവിഡ് പ്രതിസന്ധിക്കിടെ നടത്തിയ ഈ നികുതി വർധന വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. പെട്രോളിന് 15.97 രൂപയും ഡീസലിന് 12.32 രൂപയുമാണ് അന്ന് കൂട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളരെയേറെ ചെലവ് സർക്കാരിനു വേണ്ടിവരുമെന്നും അതിനാലാണ് ഇന്ധനനികുതി വർധിപ്പിച്ചതെന്നുമായിരുന്നു അന്ന് കേന്ദ്ര സർക്കാർ പറഞ്ഞ ന്യായം. എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ബാരലിന് 20 ഡോളറിനും താഴേക്ക് വില കൂപ്പുകുത്തി. അപ്പോഴും നികുതി കുറയ്ക്കുകയോ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു നൽകുകയോ കേന്ദ്ര സർക്കാർ ചെയ്തില്ല. ഈ കാലഘട്ടത്തിൽ കേന്ദ്രം നികുതി കുറയ്ക്കണമെന്നുള്ള ആവശ്യം ശക്തമാകുകയും ചെയ്തു.
സംസ്ഥാന സർക്കാർ ഇപ്പോൾ നൽകുന്ന ന്യായീകരണം അനുസരിച്ചാണെങ്കിൽ കേന്ദ്രം നികുതി കൂട്ടിയപ്പോൾ കേരളവും അന്ന് നികുതി കൂട്ടിയിരുന്നു. അതായത് പെട്രോളിന് 16 രൂപയോളം എക്സൈസ് നികുതി കൂട്ടിയപ്പോൾ കേരളം 3 രൂപ 90 പൈസ കൂട്ടിയിരുന്നു എന്നു സമ്മതിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലും കേരളം ഇപ്പോൾ നികുതി കുറച്ചു എന്നു വിശ്വസിക്കുന്നവരും തയാറാകണം. ഡീസലിന് 3 രൂപ 60 പൈസ കൂട്ടിയെന്നു കൂടി സമ്മതിക്കണം. അല്ലാതെ കേന്ദ്രം നികുതി കൂട്ടിയെന്നു കുറ്റപ്പെടുത്തുകയും കേന്ദ്രം കുറയ്ക്കുമ്പോൾ കേരളവും കുറയ്ക്കുകയാണെന്നു ന്യായീകരിക്കുകയും ചെയ്യരുത്.
പണപ്പെരുപ്പത്തോട് മുട്ടുമടക്കി…
ബിജെപിയുടെ ഏറ്റവും ബുദ്ധിപരമായ രാഷ്ട്രീയ നീക്കങ്ങളിലൊന്നായിരുന്നു 2021 നവംബർ 5നു ജനങ്ങൾക്കു നൽകിയ ഇന്ധനവില ഇളവ്. ഇന്ധന വിലവർധനയ്ക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്ന സമയമായിരുന്നു അത്. കേന്ദ്രം കുറയ്ക്കട്ടെ എന്നു പറഞ്ഞിരുന്ന സംസ്ഥാനങ്ങളെ എല്ലാം ബിജെപി ആ തീരുമാനത്തോടെ രാഷ്ട്രീയ പ്രതിരോധത്തിലാക്കി. കേന്ദ്രം നികുതി കുറച്ചപ്പോൾ കേരളവും വാറ്റ് കുറച്ചു ജനങ്ങൾക്ക് ആശ്വാസമേകും എന്ന് അന്ന് ജനങ്ങൾക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പത്രസമ്മേളനം നടത്തിയാണ് കേന്ദ്രം വില കുറച്ചപ്പോൾ കേരളവും വില കുറച്ചു എന്ന് ജനങ്ങളോടു പറഞ്ഞത്. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ നികുതിക്കൊള്ളയെക്കുറിച്ചു പറയാൻ നടത്തിയ പത്രസമ്മേളനത്തിൽ, കേരളം നികുതി കുറയ്ക്കേണ്ട ആവശ്യമില്ലെന്നും അന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞിരുന്നു. യാത്രക്കാരനെ പോക്കറ്റടിച്ചിട്ട് ഒടുവിൽ ഇതാ വണ്ടിക്കൂലി പിടിച്ചോ എന്നു പറയുംപോലെ മാത്രമാണു കേന്ദ്രത്തിന്റെ നികുതി കുറയ്ക്കലെന്നൊരു ഡയലോഗും മന്ത്രി അന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ ഇന്ധന നികുതി കൂട്ടിയപ്പോൾ പിണറായി വിജയൻ സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയാണു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം കോവിഡ് കാലത്തു കൂട്ടിയ അധിക നികുതി മുഴുവൻ കുറയ്ക്കട്ടേ, അതു കഴിഞ്ഞിട്ടാവാം കേരളം കുറയ്ക്കുന്നത് എന്നാണ് സർക്കാർ തീരുമാനമെന്ന് അന്ന് വ്യക്തമാക്കിയിരുന്നതാണെങ്കിലും ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. നവംബറിലെ നികുതിയിളവ് രാഷ്ട്രീയ തീരുമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ നികുതി കുറയ്ക്കൽ തീരുമാനം പണപ്പെരുപ്പംകൊണ്ട് പൊറുതി മുട്ടിയിട്ടാണ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു അന്ന് നികുതി കുറച്ചതെങ്കിൽ ഇപ്പോഴത്തെ നികുതി കുറയ്ക്കലിന്റെ പിന്നിൽ പണപ്പെരുപ്പ ഭീഷണിയാണ് പ്രധാനം. ഒരു പക്ഷേ, ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കൂടി ലക്ഷ്യം വയ്ക്കുന്നുണ്ടാവണം. പലിശ നിരക്കുകൾ ഉയർത്തി റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പണലഭ്യത ഇനിയും കുറയ്ക്കാൻ ആർബിഐ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് 2020 മാർച്ചിൽ കൂട്ടിയ എക്സൈസ് നികുതി ഏതാണ്ട് പൂർണമായും കേന്ദ്രം കുറച്ചത്.
കേന്ദ്രം കോവിഡ് കാലത്തു കൂട്ടിയ അധിക നികുതി മുഴുവൻ കുറയ്ക്കട്ടേ, അതു കഴിഞ്ഞിട്ടാവാം കേരളം കുറയ്ക്കുന്നത് എന്നാണ് സർക്കാർ തീരുമാനമെന്ന് അന്ന് വ്യക്തമാക്കിയിരുന്നതാണെങ്കിലും ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. നവംബറിലെ നികുതിയിളവ് രാഷ്ട്രീയ തീരുമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ നികുതി കുറയ്ക്കൽ തീരുമാനം പണപ്പെരുപ്പംകൊണ്ട് പൊറുതി മുട്ടിയിട്ടാണ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു അന്ന് നികുതി കുറച്ചതെങ്കിൽ ഇപ്പോഴത്തെ നികുതി കുറയ്ക്കലിന്റെ പിന്നിൽ പണപ്പെരുപ്പ ഭീഷണിയാണ് പ്രധാനം. ഒരു പക്ഷേ, ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കൂടി ലക്ഷ്യം വയ്ക്കുന്നുണ്ടാവണം. പലിശ നിരക്കുകൾ ഉയർത്തി റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പണലഭ്യത ഇനിയും കുറയ്ക്കാൻ ആർബിഐ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് 2020 മാർച്ചിൽ കൂട്ടിയ എക്സൈസ് നികുതി ഏതാണ്ട് പൂർണമായും കേന്ദ്രം കുറച്ചത്.
ശരിക്കും കേരളം നികുതി കുറച്ചോ? എന്താണ് സംഭവം?
നികുതി കുറച്ചു എന്ന് സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ചില കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് കേന്ദ്രം നവംബറിൽ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചപ്പോൾ കേരളത്തിൽ പെട്രോളിന് 6.50 രൂപയും ഡീസലിന് 12.27 രൂപയുമാണു കുറഞ്ഞത്. ഇപ്പോൾ കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കുമ്പോൾ കേരളത്തിൽ കുറയുന്നത് യഥാക്രമം 10.41 രൂപയും 7.36 രൂപയുമാണ്. അപ്പോൾ പെട്രോളിന് 3.90 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചുവെന്നാണു കേരളം പറയുന്നത്.
ഇപ്പോൾ കേരളം പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചുവെന്ന് സംസ്ഥാന ധനമന്ത്രി പ്രസ്താവന വരെ ഇറക്കുകയും ഇവ വലിയ തലക്കെട്ടുകളായി ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കേന്ദ്രം എക്സൈസ് നികുതി കുറച്ചപ്പോൾ സംസ്ഥാനത്തിന്റെ സമ്മതവുമുണ്ടായിരുന്നത്രേ– എന്നാണ് ഈ ‘കുറയ്ക്കലിനെ’ വിശദീകരിക്കാൻ ധനമന്ത്രി നവംബറിൽ പറഞ്ഞത്. അതായത് കേന്ദ്രം നികുതി കുറച്ചപ്പോൾ ആ ഇളവു കേരളം വേണ്ടെന്നു വച്ചില്ലല്ലോ…അതു ജനങ്ങൾക്കു കൊടുക്കാൻ കേരളം തയാറായതുകൊണ്ടാണല്ലോ കേന്ദ്രം കുറച്ചതിനേക്കാൾ വില ഇവിടെ കുറയുന്നതെന്ന്! അതുകൊണ്ട് 2.27 രൂപ പെട്രോളിനും 1.36 രൂപ ഡീസലിനും കുറച്ചു എന്ന് കേരളം പറയുന്നതിൽ സാങ്കേതികമായി തെറ്റില്ലെന്നും സർക്കാർ ന്യായീകരിക്കുന്നു.
ഈ കുറയ്ക്കലുകൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രകടമായ കുറവുണ്ടാക്കുമെന്നതിൽ തർക്കമില്ല. അതിനാൽ ഇനിയും നികുതി കുറയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ കേരളത്തിനില്ല– ഇതാണ് മന്ത്രിയുടെ വാദം. കേന്ദ്ര എക്സൈസ് നികുതി തുകയായും സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് (വിൽപന നികുതി) ശതമാനത്തിലും കണക്കാക്കുന്നതുകൊണ്ടാണ് ആനുപാതിക കുറവ് കേരളത്തിലും വന്നത്. അതായത് 32.90 രൂപയായിരുന്നു കേന്ദ്രം പെട്രോളിന് ഈടാക്കിയിരുന്ന നികുതി. ഇതിൽനിന്ന് 13 രൂപയാണു രണ്ടു തവണകളായി കുറച്ചത്. ഇതോടെ പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി 19.90 രൂപയായി മാറി.
കേന്ദ്ര നികുതിയുടെ മുകളിലാണ് സംസ്ഥാനങ്ങൾ വിൽപന നികുതി (വാറ്റ്) ഈടാക്കുന്നത്. അടിസ്ഥാന വില, ചരക്കുകൂലി, ഡീലർമാരുടെ കമ്മിഷൻ എന്നിവയടങ്ങുന്ന തുകയിലാണ് സംസ്ഥാനം വാറ്റ് ഈടാക്കുന്നത്. 30.08 ശതമാനമാണ് കേരളം ഈടാക്കുന്ന വാറ്റ്. എക്സൈസ് നികുതി 32.90 രൂപ 19.90 രൂപയായി കുറയുമ്പോൾ കേരളം ഈടാക്കുന്ന വാറ്റിൽ ആനുപാതികമായുണ്ടാകുന്ന കുറവാണ് പെട്രോളിന്റെ വിലയിലുള്ള 3.90 രൂപയുടേത്. ഇത് ഓട്ടമാറ്റിക്കായി കുറയുന്നതാണ്. കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്രം വരുത്തിയ കുറവ് പ്രാബല്യത്തിലായി.
കേരളം നികുതി കുറച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ അതു നികുതി കൂട്ടിയില്ല എന്നതിനെ ആലങ്കാരികമായി പറഞ്ഞതു മാത്രമാണ്. കേന്ദ്രം നികുതി കുറയ്ക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്കു നികുതി കൂട്ടാനുള്ള അവകാശമുണ്ട്. ഈ അവകാശം വിനിയോഗിച്ചില്ലെന്നതാണ് സർക്കാർ പറയുന്ന ന്യായം.
ചില സംസ്ഥാനങ്ങൾ കോവിഡ് സെസ് ഏർപ്പെടുത്തിയപ്പോൾ കേരളം അതിനു മുതിർന്നില്ലെന്നും മന്ത്രി പറയുന്നുണ്ട്. കേന്ദ്രം ഇത്രനാളും നികുതി കൂട്ടിക്കൊണ്ടിരുന്നപ്പോൾ കേരളത്തിനും ഈ കൊള്ളലാഭം കൂടുന്നുണ്ടായിരുന്നു. വാറ്റ്, ശതമാനത്തിൽ കണക്കാക്കുന്നതിനാലാണിത്. എന്നാൽ ഇത്രനാളും സംസ്ഥാനം ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിരുന്നില്ലെന്നതാണു വസ്തുത. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിനു കിട്ടുന്ന കേന്ദ്ര നികുതി വിഹിതം കുറഞ്ഞതിന്റെയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടാത്ത അഡീഷനൽ എക്സൈസ് നികുതി മാത്രം വർധിപ്പിക്കുന്ന കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനെപ്പറ്റിയും മാത്രമാണ് സംസ്ഥാനം ഇതുവരെ പറഞ്ഞിരുന്നത്.
പെട്രോളിന്റെ കേന്ദ്ര നികുതിയിൽ ഇപ്പോൾ 1.40 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട എക്സൈസ് നികുതി. കേരളത്തിനുള്ള ആകെ നികുതി വിഹിതം കേന്ദ്രം വല്ലാതെ കുറച്ചുവെന്നാണ് കേരളത്തിന്റെ ധനമന്ത്രി പറയുന്നത്. ജിഎസ്ടി വിഹിതം കുറഞ്ഞതിനാൽ സംസ്ഥാന സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നതും വസ്തുതയാണ്. പക്ഷേ, യാഥാർഥ്യം ജനങ്ങളോടു തുറന്നു പറയാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. സിൽവർലൈൻ പോലുള്ള വൻകിട പദ്ധതികൾ നടപ്പാക്കാനൊരുങ്ങുമ്പോൾ സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്ന് ജനങ്ങളോടങ്ങനെ വിളിച്ചു പറയാനാകുമോ!