കോഴിക്കോട് : സംസ്ഥാനത്തെ 1561 പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളിൽ (സർവീസ് സഹകരണ ബാങ്കുകൾ) 726 എണ്ണം നഷ്ടത്തിലാണെന്ന് 2021 ലെ ഓഡിറ്റ് റിപ്പോർട്ട്. 2022 ലെ ഓഡിറ്റിങ് പൂർത്തിയാകുമ്പോൾ നഷ്ടത്തിലുള്ള സംഘങ്ങളുടെ എണ്ണം വീണ്ടും ഉയരും.
തിരിച്ചടവു മുടങ്ങിയ വായ്പകളിൽ സർക്കാർ നിർദേശപ്രകാരം ബാങ്കുകൾ നടപടികൾ നിർത്തിവച്ചിരിക്കെ, അങ്ങനെയുള്ള തുക നഷ്ടക്കണക്കിൽ ഉൾപ്പെടുത്തരുതെന്ന് ഓഡിറ്റർമാർക്കു നിർദേശം നൽകാത്തതാണു പ്രശ്നം. ഒറ്റത്തവണ തീർപ്പാക്കൽ വഴി ബാങ്കുകൾ ഇളവു നൽകുന്ന തുക സർക്കാർ തിരിച്ചുനൽകണമെന്നും ബാങ്കുകൾ ആവശ്യപ്പെടുന്നു.
സർവീസ് സഹകരണ ബാങ്കുകൾ (Service Co-operative bank)നൽകിയ വായ്പകളിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവു മുടങ്ങിയിട്ടുണ്ട്. തിരിച്ചടവു മുടങ്ങുകയും നിയമനടപടികൾ സർക്കാർ വിലക്കുകയും ചെയ്തതോടെ ബാങ്കുകൾ വെട്ടിലായി. സാധാരണക്കാർ എടുത്ത ചെറിയ വായ്പകൾ കൃത്യമായി തിരിച്ചടച്ചപ്പോൾ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകളാണ് ഏറെയും കിട്ടാക്കടമായി മാറിയത്.
അനന്തമായി നീളുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും തിരിച്ചടിയാകുകയാണ്. സാധാരണയായി വർഷത്തിൽ ഒന്നോ രണ്ടോ മാസമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുക. ഈ സമയത്ത് പിഴപ്പലിശ അടക്കം ഒഴിവാക്കും. കഴിഞ്ഞ ഒന്നര വർഷമായി ഈ പദ്ധതി സമയപരിധിയില്ലാതെ നടപ്പാക്കുകയാണ്. ഇതും സർക്കാർ നിർദേശ പ്രകാരമാണ്. നിയമനടപടി എടുക്കുന്നില്ലെന്നു മനസ്സിലായതോടെ ശേഷിയുള്ളവർ പോലും വായ്പ തിരിച്ചടയ്ക്കാത്തതും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നു.