spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeEDITOR'S CHOICEശൈശവ വിവാഹം: പൊലീസ് എത്തിയപ്പോഴേക്കും താലികെട്ട് കഴിഞ്ഞു, വരനെയും പൂജാരിയെയും അറസ്റ്റ് ചെയ്തു; രാജാക്കാട്ട് അന്ന്...

ശൈശവ വിവാഹം: പൊലീസ് എത്തിയപ്പോഴേക്കും താലികെട്ട് കഴിഞ്ഞു, വരനെയും പൂജാരിയെയും അറസ്റ്റ് ചെയ്തു; രാജാക്കാട്ട് അന്ന് നടന്നത്… വിവരം നൽകിയാൽ പാരിതോഷികം

- Advertisement -

തൊടുപുഴ: ഇടുക്കി ജില്ലയിൽ 15 മാസത്തിനിടെ 12 ശൈശവ വിവാഹങ്ങൾ തടഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ തടയപ്പെടാത്ത വിവാഹങ്ങളെക്കുറിച്ചു കണക്കുകൾ ആർക്കുമറിയില്ല. മുൻപത്തെ അപേക്ഷിച്ചു കുറഞ്ഞെങ്കിലും, പലയിടങ്ങളിലും ഇപ്പോഴും ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതരും സമ്മതിക്കുന്നു. പുറത്തറിയുന്നില്ലെന്നു മാത്രം. അതിർത്തി പഞ്ചായത്തുകളിലാണ് കേസുകൾ കൂടുതലും.

- Advertisement -

ശൈശവ വിവാഹം നിയമവിരുദ്ധമാണ് എന്നറിയാവുന്നതിനാൽ, ചില കുടികളിൽ വിവാഹച്ചടങ്ങുകളൊന്നും നടത്താതെ യുവാവിനൊപ്പം പെൺകുട്ടിയെ ഒരുമിച്ചു താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒപ്പമുള്ള യുവാവിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്യുന്നത്. 6 വർഷത്തിനിടെ ജില്ലയിൽ 14 ശൈശവ വിവാഹങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 72 വിവാഹങ്ങൾ തടയാൻ കഴിഞ്ഞതായും അധികൃതർ പറയുന്നു.

- Advertisement -

തടയാൻ എന്താണ് പരിമിതി ?

- Advertisement -

2020ൽ ദേവികുളത്ത് നടന്ന ഒരു സംഭവം ഇങ്ങനെ: ദേവികുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ശൈശവ വിവാഹം നടക്കാൻ പോകുന്നതായി ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫിസർക്ക് ( ശൈശവ വിവാഹ നിരോധന ഓഫിസർ) രഹസ്യവിവരം ലഭിച്ചു. പെട്ടെന്നുതന്നെ അവർ ഇടപെട്ടു വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിയിൽ നിന്നു നേടിയെടുക്കുകയും ഉത്തരവു സംബന്ധിച്ചു വീട്ടുകാരെ അറിയിക്കുകയും ഒരു കാരണവശാലും വിവാഹം നടത്തരുതെന്നു കർശന നിർദേശം നൽകുകയും ചെയ്തു. പൊലീസിനും ഉത്തരവിന്റെ പകർപ്പു നൽകി. രാജാക്കാട് സ്വദേശിയായിരുന്നു വരൻ.

അന്ന് മുടങ്ങിയ വിവാഹം ആറുമാസം കഴിഞ്ഞ് രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തോട്ടത്തിനുള്ളിലുള്ള ഒരു ക്ഷേത്രത്തിൽ വച്ച് തമിഴ് ആചാരപ്രകാരം രഹസ്യമായി നടത്താൻ വീട്ടുകാ‍ർ തീരുമാനിച്ചു. തമിഴിൽ കല്യാണക്കുറി അടിച്ചെങ്കിലും ഇത് അധികൃതരുടെ കൈവശം കിട്ടാതിരിക്കാൻ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. വരന്റെ സ്ഥലത്തു വച്ച് വിവാഹം നടത്തുന്നതിനാൽ നാട്ടുകാർക്കും മറ്റും പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഇക്കാരണത്താലാണ് വീട്ടുകാർ വിവാഹവേദി രാജാക്കാട്ടേക്കു മാറ്റിയതും.

എന്നാൽ, വിവാഹദിവസം രാവിലെ ഒൻപതരയോടെ ദേവികുളത്തെ ശിശു വികസന പദ്ധതി ഓഫിസർക്കു വിവരം കിട്ടി. എന്നാൽ സ്ഥലം സംബന്ധിച്ച് വിവരമൊന്നുമില്ലായിരുന്നു. അവർ ഉടൻതന്നെ ഇക്കാര്യം ജില്ലാ ശിശുസംരക്ഷണ ഓഫിസറെ അറിയിക്കുകയും ശിശു സംരക്ഷണ ഓഫിസർ ദേവികുളം പൊലീസിനു വിവരം കൈമാറുകയും ചെയ്തു. പൊലീസിന്റെ അന്വേഷണത്തിൽ വിവാഹം രാജാക്കാട് വച്ചാണ് നടത്തുന്നതെന്ന് അറിഞ്ഞു. പെട്ടെന്നു തന്നെ രാജാക്കാട് പൊലീസിനു വിവരം കൈമാറിയെങ്കിലും ഉദ്യോഗസ്ഥർക്കു വേഗത്തിൽ എത്താവുന്ന ദൂരത്തിലല്ലായിരുന്നു സ്ഥലം. പൊലീസ് എത്തിയപ്പോഴേക്കും താലികെട്ട് കഴിഞ്ഞിരുന്നു.

സംഭവത്തിൽ വരനെയും ചടങ്ങുകൾക്കു കാർമികത്വം വഹിച്ച പൂജാരിയെയും അറസ്റ്റ് ചെയ്തു. വധുവിന്റെയും വരന്റെയും മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന്, പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ ശേഷം ഒരു ബന്ധുവിനൊപ്പം ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വീട്ടുകാർക്കും ബന്ധുക്കൾക്കും വ്യക്തമായ നിർദേശം നൽകി പെൺകുട്ടിയെ പിന്നീടു ബന്ധുക്കളുടെ കൂടെ വിട്ടു.

ബോധവൽക്കരണം മാത്രമാണു ശൈശവവിവാഹത്തിനെതിരെയുള്ള ഏറ്റവും മികച്ച നടപടിയെന്നു ശിശുവികസന വകുപ്പ് പറയുന്നു. അതിനു പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക, പ്രാദേശിക സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കാനാവണമെന്ന് അധികൃതർ പറയുന്നു.

കുട്ടിക്കണ്ണീർ വീഴ്ത്തരുത്

ജില്ലയിലെ ഏലത്തോട്ടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികളുടെ യഥാർഥ എണ്ണമോ വിവരങ്ങളോ തൊഴിൽ വകുപ്പിന്റെ കൈവശമില്ല. തമിഴ്നാട്ടിൽ നിന്നും മറ്റും കുട്ടികളടക്കം ഇടുക്കിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കെത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. അതിർത്തി പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഏലത്തോട്ടങ്ങളോടനുബന്ധിച്ചു കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകാൻ സൗകര്യമൊരുക്കിയാൽ ബാലവേലയും സാമ്പത്തിക പരാധീനതയെ തുടർന്നു നടത്തുന്ന ശൈശവ വിവാഹങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനാകും. വിദ്യാഭ്യാസവും വികസനവും മാത്രമാണ് ശൈശവ വിവാഹമെന്ന ദുരാചാരത്തെ നാട്ടിൽ നിന്നു പടിയിറക്കാനുള്ള ഒറ്റമൂലിയെന്നു സാമൂഹിക പ്രവർത്തകർ പറയുന്നു. ഇനിയും നമ്മുടെ കുട്ടികളുടെ കണ്ണുനീർ ഈ ഏലമലക്കാടുകളിൽ വീഴാൻ അനുവദിക്കരുത്.

ശൈശവ വിവാഹം കുറ്റവും ശിക്ഷയും

• 18 വയസ്സിനു മുകളിലുള്ള പുരുഷൻ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ പുരുഷനു 2 വർഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപവരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
• ശൈശവ വിവാഹം നടത്തുകയോ പ്രേരിപ്പിക്കുകയോ നിർദേശം നൽകുകയോ കാർമികത്വം വഹിക്കുകയോ ചെയ്താൽ രണ്ടുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
• ഒരു കുട്ടി ശൈശവ വിവാഹത്തിൽ ഏർപ്പെടുകയും മാതാപിതാക്കളോ, രക്ഷിതാവോ, ഏതെങ്കിലും സംഘടനയിലെ അല്ലെങ്കിൽ സംഘത്തിലെ അംഗം ഉൾപ്പെടെ മറ്റേതെങ്കിലും വ്യക്തിയോ വിവാഹം പ്രോത്സാഹിപ്പിക്കുകയോ, നടത്താൻ അനുവാദം നൽകുകയോ, വിവാഹം തടയുന്നതിൽ വീഴ്ച വരുത്തുകയോ, ശൈശവ വിവാഹത്തിൽ പങ്കെടുക്കുകയോ ചെയ്താൽ പുരുഷൻമാർക്കു 2 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സ്ത്രീകൾക്കും പിഴ ശിക്ഷ ലഭിക്കും.

• ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് അറിഞ്ഞുകൊണ്ട് അതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ വ്യക്തി പുരുഷനാണെങ്കിൽ, അയാൾക്കു 2 വർഷം തടവും അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും ശിക്ഷ ലഭിക്കും.
• ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം ജാമ്യമില്ലാത്തതാണ്.

പങ്കെടുത്താലും കുടുങ്ങും

ശൈശവ വിവാഹം നടന്നാൽ വരൻ, വരന്റെയും വധുവിന്റെയും മാതാപിതാക്കൾ, വിവാഹം നടത്താൻ മുൻകയ്യെടുത്ത വ്യക്തികൾ, വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതർ, വിവാഹത്തിൽ പങ്കെടുത്ത വ്യക്തികൾ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാൻ വകുപ്പുണ്ട്.

വിവരം നൽകിയാൽ പാരിതോഷികം

പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ‘പൊൻവാക്ക്’. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്കു പദ്ധതി പ്രകാരം 2,500 രൂപ പാരിതോഷികം നൽകുമെന്നു ജില്ലാ ശിശുസംരക്ഷണ ഓഫിസർ എം.ജി.ഗീത പറഞ്ഞു. വിവരം നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ല. വ്യക്തമായ വിവരങ്ങൾ സഹിതം ശൈശവ വിവാഹം മുൻകൂട്ടി അറിയിക്കുകയും വിവരം സത്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യക്തിക്കു പാരിതോഷികം നൽകും.

ഒന്നിലധികം പേർ വിവരമറിയിച്ചാൽ ആദ്യം ബന്ധപ്പെട്ട വ്യക്തിക്കാണു പാരിതോഷികത്തിന് അർഹത.അതതു ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫിസർമാരെയാണ് ശൈശവ വിവാഹ നിരോധന ഓഫിസർമാരായി നിയമിച്ചിട്ടുള്ളത്. ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്നു വിവരം ലഭിച്ചാൽ ശൈശവ വിവാഹ നിരോധന ഓഫിസർ ആ കുടുംബത്തെ സന്ദർശിച്ചു കൗൺസലിങ് നൽകിയും കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവു സമ്പാദിച്ചും വിവാഹം തടയും.

വിവരം അറിയിക്കാൻ

ഫോൺ: 9188969206. ഇ–മെയിൽ : ponvakkuidk@gmail.com. ഇതുകൂടാതെ ശൈശവ വിവാഹ നിരോധന ഓഫിസർമാർ (ഐസിഡിഎസ് പദ്ധതിയിലെ ബ്ലോക്ക് തലത്തിലുള്ള ശിശുവികസന പദ്ധതി ഓഫിസർമാർ), പൊലീസ് സ്റ്റേഷനുകൾ, ചൈൽഡ് ലൈൻ നമ്പർ–1098 എന്നിവരെയും അറിയിക്കാം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -