കുന്നമംഗലം: രാത്രിയിൽ, തെരുവുവിളക്കില്ലാത്ത റോഡിലെ ഇരുട്ടിൽ അവനു മുൻപിൽ അവളൊന്നു പതറിപ്പോയിരുന്നെങ്കിൽ ഇന്നു മറ്റൊരു വാർത്തയായിരിക്കാം നമ്മൾ കേൾക്കുക. പതറാതെ, വിറയ്ക്കാതെ, അവനെ ചവിട്ടിത്തെറിപ്പിച്ച്, പിന്തുടർന്നു പിടികൂടി നിയമത്തിനു മുൻപിലെത്തിച്ച് അവൾ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ലോകത്തിലെ മുഴുവൻ സ്ത്രീകൾക്കും, പീഡിപ്പിക്കപ്പെട്ട മുഴുവൻ സ്ത്രീകൾക്കും വേണ്ടി ഇതാ ഈ പീഡകനെ ഞാൻ തുറന്നു കാട്ടുന്നു’. കുന്നമംഗലത്തു വാടകയ്ക്കു താമസിക്കുന്ന എറണാകുളം സ്വദേശിയായ യുവചിത്രകാരിയാണ് അസാധാരണമായ ധൈര്യത്തോടെയും പ്രതിരോധത്തോടെയും അക്രമിയെ നേരിട്ട്, കീഴടക്കി, സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് നഗരത്തിലെ ഓഫിസിൽ നിന്നു കുന്നമംഗലം ടൗണിൽ ബസിറങ്ങി തോട്ടുംപുറം താളിക്കുണ്ട് റോഡിലൂടെ താമസസ്ഥലത്തേക്കു നടക്കുകയായിരുന്നു യുവതി.
കൗമാരക്കാരനായ അക്രമി പിന്തുടരുന്നത് യുവതി അറിഞ്ഞില്ല. മെയിൻ റോഡിൽ നിന്ന് ഇടവഴിയിലേക്കു തിരിഞ്ഞപ്പോൾ, ആളൊഴിഞ്ഞ ഭാഗത്തെ ഇരുട്ടിൽ പയ്യൻ യുവതിയെ കയ്യേറ്റം ചെയ്തു നിലത്തു വീഴ്ത്തി. റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ യുവതി അക്രമിയെ ചവിട്ടിവീഴ്ത്തി ഒച്ചവച്ചു. അതോടെ അക്രമി കുതറി മെയിൻ റോഡിലേക്ക് ഓടി. 200 മീറ്ററോളം അക്രമിയെ പിന്തുടർന്നു യുവതിയും ദേശീയപാതയിലെത്തി. ബഹളം കേട്ട് നാട്ടുകാരും സമീപത്തെ കടയിലുണ്ടായിരുന്നവരും അക്രമിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
പിന്നീട് കുന്നമംഗലം പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയായിട്ടില്ലാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും. അക്രമിയുടെ ചിത്രം സഹിതം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.‘ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്നൊരു സ്ത്രീയോ കുട്ടിയോ ആയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി’–യുവതി പറയുന്നു. യുവതിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ രംഗത്തെത്തി.