
ദില്ലി: 150 ലധികം സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലൈംഗിക ബന്ധം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടക്ക്-പടിഞ്ഞാറൻ ദില്ലിയിൽ നിന്നാണ് സച്ചിൻ കുമാർ എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ യമുനാനഗർ സ്വദേശിയായ സച്ചിൻ ഷഹബാദ് ഡയറി ഏരിയയിൽ തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബിൽ നിന്നാണ് പ്രതികൾ ഇയാൾ സ്ത്രീകളെ കെണിയിലാക്കാനുള്ള വിദ്യകൾ പഠിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാർച്ച് 23 ന് ഇയാൾ യുവതിക്ക് സൗഹൃദ സന്ദേശം അയച്ചു. ഇത് നിരസിച്ചതിനെത്തുടർന്ന് പ്രതി വിവിധ നമ്പറുകളിൽ നിന്ന് യുവതിയെ വിളിക്കാൻ തുടങ്ങി. പിന്നീട് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ്ആപ്പിൽ അയച്ചുവെന്നും സൗഹൃദത്തിലായില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. യുവതി എതിർത്തപ്പോൾ ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പരാതിയുമായി സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ 150ഓളം സ്ത്രീകളെ ഇത്തരത്തിൽ ദ്രോഹിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.