
മലപ്പുറം: മേലാറ്റൂരിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പൊലീസിന്റെ പിടിയിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി പഞ്ഞനംകാട്ടിൽ ഷൗക്കത്തലിയെയാണ് (29) രണ്ട് വ്യത്യസ്ഥ കേസുകളിൽ മേലാറ്റൂർ പോലീസ് പിടികൂടിയത്. ബൈക്കിൽ സഞ്ചരിക്കുന്ന പ്രതി തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളെ നോട്ടമിടുകയും കുട്ടികളെ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കുകയുമാണ് ചെയ്തിരുന്നത്.
മേലാറ്റൂരിലെ രണ്ട് കേസുകളിലും കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മേലാറ്റൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത വ്യക്തിയായത് അന്വേഷണത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മുൻപും ഇത്തരം കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ് ഷാരോൺ, സി.പി.ഒ മാരായ പ്രമോദ്, നജ്മുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.