
ബേപ്പൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒളവണ്ണ ചെറോട്ട്കുന്ന് കെ.വി.സഫ്വാൻ(22)ആണു അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ച പ്രതിക്കു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഇരയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എഎസ്ഐ പി.അരുൺ, സീനിയർ സിപിഒ കെ.സരീഷ്, സിപിഒ കെ.വിനോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.