തിരുവനന്തപുരം: ഡിജിപി അനിൽ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. റൊമാനസ് ചിബൂച്ചി എന്നയാളാണ് ഡൽഹി ഉത്തംനഗർ ആനന്ദ് വിഹാറിൽ നിന്ന് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണുകളടക്കം കണ്ടെടുത്തതായി എസ്ഐ പി.ബി.വിനോദ് കുമാർ അറിയിച്ചു. ദ്വാരക കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ നാളെ കേരളത്തിലേക്ക് കൊണ്ടുവരും.
കൊല്ലം കുണ്ടറയിൽ അനിത എന്ന അധ്യാപികയിൽ നിന്നാണ് 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും അതിനു നികുതി അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഡിജിപി അനിൽകാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള വാട്സാപ് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പു നടത്തിയത്.