കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. ഇന്നലെ നഗരത്തിലെ ഹോട്ടലിൽവച്ചാണ് സംഭവം. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസി (27)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാൻ മുത്തശ്ശിയെയാണ് ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ഛർദ്ദിച്ചു എന്ന് പറഞ്ഞ് രാത്രി ഇവർ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു സംശയം ഉയർന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോൺ ബിനോയിയേയും ചോദ്യം ചെയ്യുകയായിരുന്നു.
പുലർച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളും അമ്മൂമ്മയും ഹോട്ടലിൽ മുറിയെടുത്തത്. കുട്ടികൾ അമ്മുമ്മയോടൊപ്പമായിരുന്നു താമസം. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.