
ജയ്പൂര്‍: ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാന്‍ ഭരത്പൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ 19കാരിയാണ് മരണപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പിന്തുടര്‍ന്ന് വന്ന് സഹപാഠികളായ അഞ്ചുവിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ച് 19കാരിയെ കൊണ്ട് വിഷം കഴിപ്പിച്ചതായി അച്ഛന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഹെലീന നഗരത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് 19കാരി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ചില സഹപാഠികള്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി അമ്മയോട് പരാതിപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സഹപാഠികള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് ഏതോ പാനീയം കുടിപ്പിച്ചു. വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, വിഷം നല്‍കി തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.