കൊച്ചി: പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം.ഏലൂരില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ എത്തിയ ഓട്ടോറിക്ഷ തന്റെ നേര്‍ക്ക് അതിവേഗത്തില്‍ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാലാണ് അപകടം ഒഴിവായതെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഇവരില്‍ ശിവ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തേയും വഴിയരികില്‍ നിന്ന് കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. ഇന്നലെ സ്‌കൂള്‍ വിട്ട് വരുമ്ബോള്‍ ഇവര്‍ ഓട്ടോറിക്ഷയുമായി വന്നു. അതിലൊരാള്‍ സിഗരറ്റ് കുറ്റി തന്റെ നേരെ എറിയുകയും കളിയാക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു.
കുറച്ച് സമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ അടുത്തേക്ക് പാഞ്ഞു വരുന്നത് കണ്ടത്. ഇതോടെ ചാടി മാറുകയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ വണ്ടി ഇടിച്ച് മരിച്ചേനെ എന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഉടനെ തന്നെ പോലീസിലെത്തി പരാതി നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.