ഊട്ടി: മകനെ ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മാതാവ് അറസ്റ്റില്‍. ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്.തന്റെ ഒരു വയസുള്ള മകന്‍ നിധീഷിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഫെബ്രുവരി 14ലായിരുന്നു കേസിനാസ്പദമായ സംഭവം.
അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു. സംശയം തോന്നി ഡോക്ടര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അസ്വാഭാവികമരണത്തിന് കേസെടുത്തു. ഗീത അറിയാതെ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
ചില തെളിവുകള്‍ ലഭിച്ചതോടെ ഗീതയെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗീത ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതത്തിന് കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. മരണം സ്വാഭാവികമാണെന്ന് വരുത്താന്‍ വേണ്ടിയായിരുന്നു ആഹാരം വായില്‍ കുത്തിക്കയറ്റിയതെന്ന് ഗീത പൊലീസിനോട് പറഞ്ഞു.