കൊച്ചി: ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാഴക്കാല പുറ്റിങ്ങൽപ്പറമ്പിൽ വീട്ടിൽ അജ്മൽ (23), വാഴക്കാല പാപ്പാളി വീട്ടിൽ സവിൻ പാപ്പാളി (25) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് പിടിയിലായ യുവാക്കൾ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ വിൽപ്പന. അജ്മലാണ് സംഘത്തിലെ പ്രധാനി. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമായാണ് ഇവർ സിന്തറ്റിക്ക് ലഹരിവസ്തുക്കൾ കടത്തുന്നത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ, എസ്.ഐമാരായ വി.കെ.പ്രദീപ് കുമാർ, പി.ബി.ഷാജി, എ.എസ്.ഐ ഏ.ബി.സിനുമോൻ സി.പി. ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.