Representative Image
തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് പാഴ്സലായി ലഹരിമരുന്നെത്തുന്നു. നെതർലന്‍റ്സില്‍ നിന്നും ഒമാനിൽ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തിരുവനന്തപുരം കോഴിക്കോട്, സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഫസലുമൊത്ത് കൂടുതല്‍ സ്ഥങ്ങളിൽ പരിശോധന തുടരുകയാണ്.
കൊച്ചിയിലെ ഒരു കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്ക് തോന്നിയ സംശയമാണ് വൻ ലഹരിമരുന്ന് വേട്ടക്ക് സഹായകമായത്. ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം ഒമാനില്‍ നിന്നുമാണ് ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും വന്നത്. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു