
കണ്ണൂർ: സംഗീതം പഠിക്കാൻ എത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനു രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന്(50) ആണ് ശിക്ഷ വിധിച്ചുകൊണ്ട് തളിപ്പറമ്പ് അതിവേഗ പോക്സോ സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്.
2015ൽ കരുവഞ്ചാലിലെ സംഗീത പഠന സ്ഥാപനത്തിൽ അവധിക്കാലത്ത് ഓർഗൻ പഠിക്കാനെത്തിയതായിരുന്നു പെൺകുട്ടി. ഓർഗൻ അധ്യാപകനായ ജിജി ജേക്കബ് പല ദിവസങ്ങളായി പെൺകുട്ടിയെ സ്ഥാപനത്തിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവം അക്കാലത്ത് എറെ വിവാദമുയർത്തിയിരുന്നു.
കേസിൽ 15 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ ആലക്കോട് സിഐ പി.കെ.സുധാകരനാണ് കേസ് അന്വേഷിച്ചത്.