കൊല്ലം: എക്സൈസിൻ്റെ ‘ഓപ്പറേഷൻ സ്റ്റഫിന്റെ’ ഭാഗമായുള്ള റെയ്ഡിൽ ജൂനിയർ ആർട്ടിസ്റ്റിനെ എംഡിഎംഎയുമായി പിടികൂടി.സിനിമ ജൂനിയർ ആർട്ടിസ്റ്റ് നഷീബിനെയാണ് ‘പാർട്ടി ഡ്രഗ്’ ആയ എംഡിഎംഎയുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘം പിടികൂടിയത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടി
ഷോർട്ട് ഫിലിമുകളിലും ചലച്ചിത്രങ്ങളിലും നഷീബ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ബന്ധങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങുന്നത്. കൊച്ചിയിലുള്ള ലഹരി മാഫിയകളിൽ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തി വന്നിരുന്നതായി ഇയാൾ സമ്മതിച്ചു. 0.5 ഗ്രാമിന് 2000 രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ഇയാളുടെ ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു.