കോട്ടയം: നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ചു. കോട്ടയം കുമരകം മാളിയേക്കൽ വീട്ടിൽ സജിനയെയാണ് (30) ഭർത്താവ് കോട്ടയം അയ്മനം ലൈല മൻസിലിൽ കെ. എ. ഷിബു (43) കുത്തിയത്. ടോൾ ജങ്ഷനിൽ കപ്പേളക്ക് മുന്നിലാണ് സംഭവം.

സമീപത്തെ വസ്ത്രവ്യാപാര കേന്ദ്രത്തിൽ ജോലിയുള്ള സജിന പുറത്തിറങ്ങി ഓട്ടോയിൽ കയറുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു നെഞ്ചിലും കൈകാലുകളിലുമായി കുത്തേറ്റ സജിനയെ ഉടൻ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിബുവിനെ ഉടൻ ഓട്ടോ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. 15 മാസം മുമ്പാണ് വിവാഹം കഴിച്ചത്. മൂന്നു മാസമായി ഇരുവരും അകന്ന് താമസിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സജിനയുടെ പരാതിയിൽ കുമരകം പൊലീസിൽ ഷിബുവിനെതിരെ കേസുള്ളതാണ്. ശല്യം ചെയ്യരുതെന്ന് പറഞ്ഞ് പൊലീസ് താക്കീത് നൽകിയിരുന്നു.