
പൊന്നാനി: കളഞ്ഞു കിട്ടിയ പണം ആംബുലൻസ് ഡ്രൈവർമാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വീണ്ടെടുക്കാൻ ഓടിയെത്തിയ ഡ്രൈവർ കുടുങ്ങി. ഇയാളുടെ കൈവശമുണ്ടായിരുന്ന പണം തന്നെയാണ് കളഞ്ഞു പോയത്. എന്നാൽ ഇത് കുഴല്പണമായിരുന്നു എന്നാണ് കണ്ടെത്തൽ. ഇയാൾ സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വേങ്ങര വലിയോറ സ്വദേശി തലയ്ക്കൽ അഷ്റഫ് (48) നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് ഇയാൾക്ക് പണം നഷ്ടമായത്. പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് പണം കിട്ടുകയായിരുന്നു. ഇവർ പണം ഉടൻ തന്നെ പൊന്നാനി സ്റ്റേഷനിലെത്തിച്ചു. ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പണം വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് അഷ്റഫ് എത്തിയത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസ് ആദ്യം ചോദിച്ചത്.
മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തപ്പോൾ വീണുപോയതെന്നായിരുന്നു മറുപടി. 43,000 രൂപയാണ് റോഡിൽ നഷ്ടപ്പെട്ടത്. ഉടമയ്ക്ക് പണം തിരിച്ചു നൽകുന്നതിന് മുൻപ് സ്റ്റേഷൻ കംപ്യൂട്ടറിൽ ഇയാളുടെ പേര് പരിശോധിച്ചു നോക്കിയപ്പോഴാണ് 2 വർഷം മുൻപ് കുഴൽപണ കേസിൽ അറസ്റ്റിലായ ആളാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാളുടെ സ്കൂട്ടറിൽ നിന്നും ദേഹത്തു നിന്നുമായി 5 ലക്ഷം രൂപയോളം പിടിച്ചെടുക്കുകയായിരുന്നു.