മലപ്പുറം: മുന്‍ അധ്യാപകനും മലപ്പുറം നഗരസഭ കൗണ്‍സിലറുമായ ശശികുമാറിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്ത് എത്തി. ഏകദേശം അറുപതോളം വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. പരാതി ഉയര്‍ന്നതോടെ ഇയാള്‍ നഗരസഭാ അംഗത്വം രാജി വച്ചു. ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. ഇയാള്‍ അധ്യാപകനായിരിക്കെ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുകയും, ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെയാണ് ഇയാള്‍ക്കെതിരെ ആദ്യത്തെ ആരോപണം ഉയരുന്നത്. ഇതോടെ സിപിഎം പാര്‍ട്ടി കമ്മറ്റി ഇദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചത്.
അറുപതോളം വിദ്യാര്‍ത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറയുന്നത്. 2019ല്‍ സ്‌കൂള്‍ അധികൃതരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.