കാസർകോട്: ആദൂരിൽ കൈവശാവകാശ രേഖ നൽകാൻ വില്ലേജ് ഓഫീസർ കൈക്കൂലിയായി ആവശ്യപ്പെട്ടത് നെപ്പോളിയൻ മദ്യവും 2000 രൂപയും. ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയായ സ്വീപ്പറും വിജിലൻസിന്റെ പിടിയിലായത്. വില്ലേജ് ഓഫീസർ തിരുവനന്തപുരം വീരണകാവ് കുട്ടിച്ചിറ എസ്.എൽ.സദനത്തിൽ എസ്.എൽ.സോണി (45), കാഷ്വൽ സ്വീപ്പർ നെട്ടണിഗെ കിന്നിംഗാറിലെ കെ.ശിവപ്രസാദ് (37) എന്നിവരാണ് അറസ്റ്റിലായത്.
വീട് നിർമിക്കാനായി ആദൂർ സ്വദേശി അബ്ദുർ റഹ്‌മാൻ കൈവശാവകാശ രേഖയ്ക്കായി വിലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതിനാലാണ് പഞ്ചായത്ത് കൈവശാവകാശ സർടിഫിക്കറ്റ് ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ 25 ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് ശേഷം പെട്ടെന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ 2000 രൂപയും ഒരു കുപ്പി നെപ്പോളിയൻ മദ്യവും എത്തിക്കാൻ പറഞ്ഞു. അപേക്ഷകൻ ഈ വിവരം വിജിലൻസിന് കൈമാറുകയായിരുന്നു. വില്ലേജ് ഓഫീസർ മദ്യം വാങ്ങിവെച്ച ശേഷം പണം വാങ്ങാൻ സ്വീപറെ വിളിച്ചു വരുത്തി. ബൈക്കിലെത്തിയ സ്വീപർ ശിവപ്രസാദ്, അബ്ദുർ റഹ്‌മാനിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം രണ്ടു പേരെയും പിടികൂടിയത്. വിജിലൻസ് ഇൻസ്‌പെക്ടർ സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.