
കീവ്: ഭാവിയിൽ യുക്രെയ്നെ ഒരു ‘വലിയ ഇസ്രയേലാക്കണമെന്ന്’ രാജ്യത്തിന്റെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യത്തെ സൈന്യത്തെയും മറ്റ് പ്രതിരോധ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സുരക്ഷ ഭാവിയിലെ യുദ്ധാനന്തര യുക്രെയ്ന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരിക്കുമെന്നും സെലെൻസ്കി പറഞ്ഞു.
എല്ലാ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും സിനിമാത്തീയറ്ററുകളിലുമെല്ലാം സായുധസേനാംഗങ്ങൾ വേണമെന്ന് സെലെൻസ്കി പറഞ്ഞു. ഇസ്രയേലിൽ സായുധ സേനാംഗങ്ങൾ പൊതുവിടങ്ങളിൽ എപ്പോഴും നിലയുറപ്പിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണു സെലെൻസ്കി ഇതു പറഞ്ഞത്. ജൂത വേരുകളുള്ള സെലെൻസ്കി ഇസ്രയേലുമായി യുക്രെയ്ൻ ശക്തമായ ബന്ധം പുലർത്തണമെന്ന് നിലപാടുള്ളയാളാണ്.
യുദ്ധാനന്തരം സ്വിറ്റ്സർലൻഡ് പോലെ ശക്തമായ ലിബറൽ രീതികളുള്ള രാജ്യമായി യുക്രെയ്ൻ മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് സെലെൻസ്കി നിഷേധിച്ചു. പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ പൂർണമായി ലിബറൽ ആകുന്നത് യുക്രെയ്ന് ഭൂഷണമാകില്ലെന്നാണു സെലെൻസ്കിയുടെ അഭിപ്രായം. മറ്റൊരു പാത സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, തന്നെ ഭാവിയിലെ യുക്രെയ്ൻ ഭരണകൂട ആധിപത്യമുള്ളതും ആയിരിക്കില്ലെന്ന് സെലെൻസ്കി പറഞ്ഞു. അങ്ങനെയൊരു രാജ്യസ്വഭാവം കൈവന്നാൽ യുക്രെയ്ൻ റഷ്യയോട് പരാജയപ്പെടും. യുക്രെയ്ൻ ജനതയായിരിക്കും ഏറ്റവും വലിയ ശക്തിയെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധത്തിൽ ഇസ്രയേൽ തീർത്തും ഒതുങ്ങിയ നിലപാടാണു സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ സെലെൻസ്കി വിമർശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കീവിന്റെ പ്രാന്തപ്രദേശത്തുള്ള ബുച്ച നഗരത്തിൽ റഷ്യ വൻ കൂട്ടക്കൊല നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു. മൃതശരീരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുകയും ചെയ്തു. ലോകമെമ്പാടും ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
ഇതെത്തുടർന്ന് ബുച്ച കൂട്ടക്കൊലയെ വിമർശിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് രംഗത്തെത്തിയിരുന്നു. ബുച്ചയിലെ ക്രൂരസംഭവങ്ങളുടെ ചിത്രങ്ങൾ വേദനിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ റഷ്യയെ പേരെടുത്ത് വിമർശിക്കാനൊരുങ്ങിയില്ലെന്നതു ശ്രദ്ധേയമാണ്. യുക്രെയ്നും റഷ്യയുമായും താരതമ്യേന നല്ല ബന്ധം പുലർത്തുന്ന ഇസ്രയേൽ മധ്യസ്ഥരുടെ റോളിലേക്കു മാറാനും നോക്കുന്നുണ്ട്. ബെന്നറ്റ് വ്ലാഡിമിർ പുട്ടിനെതിരെ കാര്യമായ വിമർശനങ്ങൾ നടത്തുന്നില്ലെങ്കിലും ഇസ്രേയൽ വിദേശകാര്യമന്ത്രി യെർ ലാപിദ് റഷ്യയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ബുച്ചയിൽ സംഭവിച്ചത് യുദ്ധക്കുറ്റമാണെന്നായിരുന്നു ലാപിദിന്റെ നിലപാട്.