കീവ്: റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ കൊടിക്കപ്പൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ തകർന്നതോടെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമായെന്ന് റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ. റഷ്യൻ ഔദ്യോഗിക ചാനലായ റഷ്യ വണ്ണിന്റെ അവതാരക ഒൽഗ സ്കബീവയാണ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ലോകമഹായുദ്ധത്തിനു തുടക്കമായെന്ന് അഭിപ്രായപ്പെട്ടത്. പോരാട്ടം നാറ്റോയ്ക്കെതിരെയാണെന്നും മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ഒൽഗ സ്കബീവ അഭിപ്രായപ്പെട്ടു.

ഫ്ലീറ്റിലെ മിസൈൽ ക്രൂസർ കപ്പലായ മോസ്ക്വയ്‍ക്കെതിരായ ആക്രമണം റഷ്യൻ മണ്ണിൽ നടന്ന അധിനിവേശത്തിനു തുല്യമാണെന്നു പരിപാടിയിൽ പങ്കെടുത്ത അതിഥിയും അഭിപ്രായപ്പെട്ടു. റഷ്യന്‍ മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു മോസ്ക്വ തകർന്നതോടെ റഷ്യ പോരാട്ടം കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. 2 നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ചാണ് കപ്പൽ യുക്രെയ്‌ൻ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് റഷ്യ സ്ഥിരീകരിച്ചുവെങ്കിലും ഇത് യുക്രെയ്‌ൻ ആക്രമണത്തിലാണെന്നു സമ്മതിച്ചിരുന്നില്ല. കപ്പലിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കപ്പൽ തകർന്നതെന്നായിരുന്നു റഷ്യൻ വിശദീകരണം.
യുക്രൈൻ മിസൈൽ പതിച്ചാണ് റഷ്യൻ കപ്പൽ മോസ്‌ക്വ തകർന്നതെന്നു യുഎസ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പൽ നഷ്ടമാകുന്നത് റഷ്യൻ മുന്നേറ്റത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. യുക്രൈൻ തദ്ദേശീയമായി നിർമിച്ച മധ്യദൂര ക്രൂസ് മിസൈൽ ആണ് നെപ്റ്റ്യൂൺ. 200 മൈൽ ആണ് മിസൈലിന്റെ ദൂരപരിധി. കരയിൽനിന്നും കടലിൽനിന്നും ഉപയോഗിക്കാൻ കഴിയും.
Olga Skabeyeva Russian Media broadcast with commentators calling for all out war after sinking of Moscow, including bombing and possibly discussing dropping "a single bomb on Kyiv" to keep world leaders from visiting. #RussianUkrainianWar pic.twitter.com/R0uOLol0FV
— EyesFromUkraine (@NowInUkraine) April 15, 2022
യുക്രെയ്‌ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കുമെന്നും തുറമുഖ നഗരമായ മരിയുപോളിലും ആക്രമണം ശക്തമാക്കുമെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം കപ്പൽ തകർന്നതിനു പിന്നാലെ വ്യക്‌തമാക്കിയിരുന്നു. യുക്രെയ്‌ന് നാറ്റോ സൈനിക സഹായം നൽകുന്നത് കാര്യങ്ങൾ വഷളാക്കുമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎസിന്റെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്‍നിലെ സംഘർഷത്തിന് ഇന്ധനം നൽകുന്നതാണെന്നും പിൻമാറണണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.